മഞ്ചേരി: മഞ്ചേരിയിൽ എസ്.ഡി.പി ഐ പ്രവർത്തകരുടെ വീടുകളിൽ എൻ.ഐ.എ പരിശോധന. നാല് പേരെ കസ്റ്റഡിയിൽ എടുത്തു. ഇർഷാദ് ആനക്കോട്ടുപുറം, സൈതലവി കിഴക്കേത്തല, ഖാലിദ് മംഗലശ്ശേരി, ഷിഹാബുദ്ധീൻ ചെങ്ങര എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
കാരക്കുന്ന് പഴേടം സ്വദേശി ഷംനാദിൻ്റെ വീട്ടിൽ പരിശോധ നടത്തിയെങ്കിലും ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. ഇവിടെ രാവിലെ എട്ട് വരെ പരിശോധ നടത്തി. കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘമാണ് പരിശോധനക്ക് എത്തിയത്. എസ്.ഡി.പി ഐ പ്രവർത്തകൻ ഷംനാദ് നേരത്തെ പയ്യനാട് ആർ.എസ്.എസ് പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതിയാണ്.
പാലക്കാട് ശ്രീനിവാസൻ കൊലപാതകവുമായി ബന്ധപ്പെട്ടാണ് എൻ.ഐ.എ അന്വേഷണം. കേസിലെ പ്രതികളെ സാമ്പത്തികമായി സഹായിച്ചോ എന്നതിലാണ് പരിശോധന. എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ വധത്തിന്റെ പിറ്റേന്നാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. സുബൈർ വധത്തിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്രആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു.
ഈ കേസിൽ പ്രതികളായ 10 എസ്‍.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം ജാമ്യം നല്‍കിയിരുന്നു. എസ്‍.ഡി.പി.ഐ പ്രവർത്തകരും കേസിലെ പ്രധാന പ്രതികളുമായ ഷെഫീഖ്, നാസർ, എച്ച്. ജംഷീർ, ബി. ജിഷാദ്, അഷ്‌റഫ് മൗലവി, സിറാജുദ്ദീൻ, അബ്ദുൽ ബാസിത്, അഷ്‌റഫ്, മുഹമ്മദ് ഷെഫീഖ്, ജാഫർ എന്നിവര്‍ക്കാണ് കോടതി ജാമ്യം നൽകിയത്.
നേരത്തെ എൻ.ഐ.എ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തിയിരുന്നു. വിചാരണ കോടതി ജാമ്യാപേക്ഷകൾ തള്ളിയതിനെ തുടർന്നാണ് നാല് പ്രതികളും അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ രാജാ വിജയരാഘവൻ, പി.വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കേസിൽ പ്രതികളായ 17 പി.എഫ്.ഐ പ്രവർത്തകർക്ക് മുമ്പ് ഹൈകോടതി ജാമ്യം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.