പൊലീസ് പിടിയിലായ നിഖിൽ പൈലി, കൊല്ലപ്പെട്ട ധീരജ് 

ധീരജ് വധം: നിഖിൽ പൈലി കുറ്റം സമ്മതിച്ചു; ആറു പേർ കൂടി കസ്റ്റഡിയിൽ

ഇടുക്കി: ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജ് കൊല്ലപ്പെട്ട കേസിൽ യൂത്ത് കോൺഗ്രസ്‌ വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി കുറ്റം സമ്മതിച്ചു. കോളജിലെ നാല് വിദ്യാർഥികൾ ഉൾപ്പെടെ ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ ഇടുക്കിക്ക് സമീപം കരിമണലിൽവെച്ച് ബസിൽനിന്നാണ് നിഖിലിനെ പൊലീസ് പിടികൂടിയത്.

സംഭവത്തെ തുടർന്ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. മൃതദേഹം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. ഇടുക്കി മുതൽ കണ്ണൂർ വരെ 13 കേന്ദ്രങ്ങളിൽ പൊതുദർശനം ഉണ്ടാകും.

കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനിടെയാണ് എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗം കൂടിയായ ധീരജിന് കുത്തേറ്റത്. കുത്തേറ്റ മറ്റ് രണ്ടു വിദ്യാർഥികൾ ചികിത്സയിലാണ്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെ കാമ്പസിന് പുറത്ത് കോളജ് ഗേറ്റിന് സമീപമാണ് സംഭവം. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ധീരജ്. കോളജിൽ അബ്ദുൽകലാം ടെക്‌നിക്കൽ യൂനിവേഴ്സിറ്റി യൂനിയൻ തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. ഒരു മണി വരെ വോട്ടെടുപ്പിന് ശേഷം 1.30 വരെ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാർഥികൾക്ക് വോട്ട് ചെയ്യാനുള്ള സമയമായിരുന്നു. ഇതിനിടെ, ധീരജും ഏതാനും എസ്.എഫ്.ഐ പ്രവർത്തകരും കൂടി കോളജിന് പുറത്തെത്തി. ഇവിടെ കൂടിനിന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചതായി പറയുന്നു. ഇതിനിടെ, പിന്തിരിഞ്ഞോടിയ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ നിഖിൽ പൈലി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് ധീരജിന്റെല നെഞ്ചിൽ കുത്തുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. അക്രമം തടയാൻ ശ്രമിച്ച എസ്.എഫ്.ഐ ഏരിയ ജോയന്റ്യ സെക്രട്ടറി തൃശൂർ മഴുവഞ്ചേരി തുളപറമ്പിൽ അഭിജിത്ത് ടി. സുനിൽ, പ്രവർത്തകൻ കൊല്ലം മുള്ളുവിള എസ്.എച്ച്.ജി നഗറിൽ പുണർതം വീട്ടിൽ എ.എസ്. അമൽ എന്നിവർക്കും കുത്തേറ്റു.

മൂന്നുപേർക്ക് കുത്തേറ്റ വിവരം ഉടൻ സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചു. അതുവഴി വന്ന ജില്ല പഞ്ചായത്ത് അംഗം കെ.ജി. സത്യന്റെൻ കാറിൽ ഗുരുതര പരിക്കേറ്റ ധീരജിനെ സമീപത്തെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. നെഞ്ചിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള അമലും അഭിജിത്തും അപകടനില തരണം ചെയ്തു.

രാജേന്ദ്രന്റെ്യും പുഷ്പകലയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് ധീരജ്. എൽ.ഐ.സി ഏജന്റാെയ രാജേന്ദ്രൻ തിരുവനന്തപുരം പാലോട് സ്വദേശിയാണ്. കണ്ണൂർ കുടിയാന്മല സ്വദേശിനിയായ പുഷ്പകല തളിപ്പറമ്പ് ആയുർവേദ ആശുപത്രി നഴ്സാണ്. സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വർഷ വിദ്യാർഥി അദ്വൈതാണ് സഹോദരൻ.

Tags:    
News Summary - Nikhil Paili Dheeraj Murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.