തലശ്ശേരി: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രി കിടക്കയിലാണെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്തു കൊടുക്കാനായതിന്റെ സന്തോഷമായിരുന്നു തലശ്ശേരി ടൗൺ ഹാൾ റോഡിലെ തച്ചറക്കൽ ബഷീറിന്റെ മുഖത്ത്. പുതുവസ്‌ത്രമണിഞ്ഞ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പമെത്തിയ വരൻ ഇരിട്ടി സ്വദേശി ഷാനിസിന് മകൾ ഫിദയെ ആശുപത്രി കട്ടിലിൽ കിടന്നുകൊണ്ട് ബഷീർ തീരുമാനിച്ചുറപ്പിച്ച ദിവസം നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് ചെയ്തു കൊടുത്തു. നിക്കാഹിനുളള വേദി ആശുപത്രി മുറിയായെങ്കിലും ചടങ്ങിന് സാക്ഷികളായെത്തിയവരാർക്കും പരിഭവമില്ല.
ആഹ്ലാദം നിറഞ്ഞ നിമിഷത്തിൽ അങ്ങനെ ഫിദ ഷാനിസിന്റെ ജീവിത സഖിയായി. എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കാനായതിന് പടച്ചവനോട് നന്ദി ഓതുകയാണ് ആ പിതാവ്. നീട്ടിവെക്കാൻ ആലോചിച്ച നിക്കാഹാണ് തടസങ്ങളെല്ലാം മറികടന്ന് നിശ്‌ചയിച്ച നാളിൽ തന്നെ നടത്തിയത്. തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിയാണ് രണ്ട് കുടുംബത്തിലും ആഹ്ലാദം നിറച്ച വിവാഹത്തിന് വേദിയായത്.
പൊന്ന്യം സറാമ്പിയിലെ വീട്ടിലാണ് ഭാര്യ നൗഫിദക്കും മക്കൾക്കുമൊപ്പം ബഷീർ താമസിക്കുന്നത്. ഡിസംബർ മൂന്നിനാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ ഭാര്യക്കും കുട്ടിക്കുമൊപ്പം തലശ്ശേരിയിലേക്കുള്ള യാത്രക്കിടയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഭാര്യയും കുട്ടിയും വലിയ പോറലില്ലാതെ രക്ഷപ്പെട്ടു. ബഷീറിന്‍റെ തുടയെല്ല് പൊട്ടിയതിനാൽ ദിവസങ്ങൾ നീണ്ട ചികിത്സക്കായി ആശുപത്രിയിലായി. മകളുടെ വിവാഹം മാറ്റിവെക്കാനാണ് ആദ്യം ആലോചിച്ചത്. ഒടുവിൽ നിശ്‌ചയിച്ച ദിവസം ആശുപത്രിയിൽ നിക്കാഹ് നടത്താൻ തീരുമാനിച്ചു. ആശുപത്രി അധികൃതർ നിക്കാഹിന് പ്രത്യേക മുറി ഒരുക്കിയതോടെ എല്ലാവരും ഹാപ്പി.
ആശുപത്രി കിടക്കയിൽ കിടന്ന് വധുവിന്റെ പിതാവ് വരന് കൈകൊടുത്തു. പ്രാർഥനയോടെ എല്ലാവരും ഒരു നിമിഷം. ആശംസയുമായി ബന്ധുക്കളും ആശുപത്രി അധികൃതരുമായി ഏതാനും പേർ. ഡെസ്‌റ്റിനേഷൻ വെഡ്‌ഡിങ്ങിന്റെ കാലത്ത് അങ്ങനെ വേറിട്ടൊരു വിവാഹം. നിക്കാഹിന്റെ റീൽസും നവമാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.