ന്യൂഡൽഹി: യമൻ പൗരൻ തലാൽ അബ്ദുൽ മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ കാത്ത് സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷ പ്രിയയുടെ മോചനത്തിനുള്ള ചർച്ചക്ക് ആ രാജ്യം സന്ദർശിക്കാൻ അനുമതി നൽകണമെന്ന അമ്മ പ്രേമകുമാരിയുടെ ആവശ്യത്തിൽ ഒരാഴ്ചക്കകം തീരുമാനമെടുക്കാൻ ഡൽഹി ഹൈകോടതി കേന്ദ്ര സർക്കാറിന് നിർദേശം നൽകി.
വധശിക്ഷക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യമനിലെ സുപ്രീംകോടതി ഈ മാസം 13ന് തള്ളിയെന്നും വധശിക്ഷ ഒഴിവാക്കാൻ ഇനി യമൻ പ്രസിഡന്റിനു മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്ര സർക്കാർ ബോധിപ്പിച്ചു. അതിന് ശേഷമാണ് ഈ കോടതി നിർദേശം.
മകളുടെ മോചനത്തിന് യമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹരജി ഡൽഹി ഹൈകോടതി പരിഗണിച്ചപ്പോഴാണ് യമൻ കോടതി നിമിഷ പ്രിയ നൽകിയ അപ്പീൽ തള്ളി വധശിക്ഷ ശരിവെച്ചത് കേന്ദ്രം അറിയിച്ചത്. വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യമൻ കോടതി തള്ളിയിരുന്നു. അതിനെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ ഈ മാസം 13ന് തള്ളിയെന്ന വിവരമാണ് ഇന്ത്യക്ക് ലഭിച്ചതെന്ന് കേന്ദ്രം അറിയിച്ചു. വധശിക്ഷ ഒഴിവാക്കാൻ ഇനി യമൻ പ്രസിഡന്റിന് മാത്രമേ കഴിയൂ എന്നും കേന്ദ്രം ബോധിപ്പിച്ചു.
എന്നാൽ, ശരീഅത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി സ്വീകരിച്ച് കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം മാപ്പ് നൽകിയാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്ന് പ്രേമകുമാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ വാദിച്ചു. യമൻ സുപ്രീംകോടതി അപ്പീൽ തള്ളിയ സാഹചര്യത്തിൽ അടിയന്തരമായി ചർച്ചക്ക് പോകണമെന്നും ഇതിനുള്ള അനുമതി നൽകാൻ കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നും സുഭാഷ് ചന്ദ്രൻ തുടർന്നു.
ഇതേ തുടർന്നാണ് യമൻ സന്ദർശിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈകോടതി കേന്ദ്രത്തോട് നിർദേശിച്ചത്. യമനിലേക്ക് ആരൊക്കെ കൂടെ പോകണം എന്ന കാര്യം രണ്ടുദിവസത്തിനകം കേന്ദ്രത്തിനെ അറിയിക്കാൻ പ്രേമകുമാരിയോടും ഡൽഹി ഹൈകോടതി നിർദേശിച്ചു. സ്വന്തം ഉത്തരവാദിത്തത്തിൽ അമ്മ പോകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.