നിപ മരണം: ഇ.ടി മുഹമ്മദ് ബഷീർ ജെ.പി. നദ്ദയെ കണ്ടു; ‘കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ഭീതി അകറ്റണം’

ന്യൂഡൽഹി: നിപ വൈറസ് ബാധിച്ചതിനെ തുടർന്ന് 14 വയസ്സുകാരൻ മരണപ്പെട്ട സംഭവത്തിൽ സംസ്ഥാനമാകെ മുൾമുനയിൽ ആണെന്നും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ച പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ഭീതി അകറ്റണമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയെ കണ്ട് ആവശ്യപ്പെട്ടു. ജില്ലക്ക് അനുവദിച്ച വൈറോളജി ലാബ് ഉടൻ യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു. വിഷയത്തിൽ എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും ഏത് വിധത്തിലും സഹായിക്കുമെന്നും മന്ത്രി ഉറപ്പ് നൽകിയെന്ന് ബഷീർ പറഞ്ഞു.

പൂണെ ആസ്ഥാനമായുള്ള വൈറോളജി ഡിപ്പാർട്ട്മെന്റ് നിപ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ഈ കാര്യത്തിൽ വലിയ പരിഭ്രാന്തിയുണ്ടെന്ന് മന്ത്രിക്ക് നൽകിയ നിവേദനത്തിൽ എം.പി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് നേരത്തെ വൈറസ് സാന്നിധ്യം ഉണ്ടായ സന്ദർഭങ്ങളിൽ എടുത്ത മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും നടപ്പാക്കിയിരുന്നു.

നിലവിലെ സാഹചര്യത്തിൽ ജനങ്ങളുടെ ഭീതി അകറ്റാനും രോഗ വ്യാപനം തടയാനുമുള്ള പരിശ്രമങ്ങൾക്ക്‌ കൂടുതൽ വിദഗ്ദരുടെ സേവനം ആവശ്യമാണെങ്കിൽ കേന്ദ്ര ഗവൺമെന്റ് യുദ്ധകാല അടിസ്ഥാനത്തിൽ തന്നെ നൽകണമെന്നും എം.പി കത്തിൽ ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗ് രാജ്യസഭാ എം.പി അഡ്വ. ഹാരിസ് ബീരാനൊപ്പമാണ് ബഷീർ ആരോഗ്യമന്ത്രിയെ കണ്ടത്.


Tags:    
News Summary - Nipah Death: ET Mohammed Basheer meets jp Nadda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.