പി.വി. അൻവർ 

പാർട്ടിയെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല; സി.പി.എമ്മിന് മറുപടിയുമായി അൻവർ

മലപ്പുറം: സി.പി.എമ്മിന് മറുപടിയുമായി പി.വി. അൻവർ എം.എൽ.എ. സി.പി.എമ്മിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചിട്ടില്ല. പൊതുപ്രശ്നങ്ങളുമായി ആളുകൾ പാർട്ടി ഓഫിസിലേക്ക് വരാത്ത സ്ഥിതിയാണെന്നും അൻവർ നിലമ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഡൽഹിയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വാർത്താസമ്മേളനം നടത്തി രൂക്ഷ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് അൻവറിന്‍റെ മറുപടി. സ്വർണക്കടത്ത് പരാതിയിൽ അന്വേഷണം നടക്കുന്നില്ല. പല കേസുകളിലും അട്ടിമറി ശ്രമം നടന്നു. പൊലീസിൽനിന്ന് സാധാരണക്കാർക്ക് സഹായം കിട്ടുന്നില്ല. റിദാൻ കൊലക്കേസ് അട്ടിമറിക്കാൻ ഇടപെട്ടത് എ.ഡി.ജി.പി അജിത്കുമാറെന്നും അൻവർ പറഞ്ഞു. സ്വമേധയ പുറത്തുപോയതല്ല. എം.വി. ഗോവിന്ദൻ പറഞ്ഞ കാര്യങ്ങൾ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്ത, ഗോവിന്ദൻ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അൻവറുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി വ്യക്തമാക്കിയിരുന്നു. സി.പി.എമ്മിനെ ഇല്ലായ്മ ചെയ്യാൻ ആര് ശ്രമിച്ചാലും നടക്കില്ല. എൽ.ഡി.എഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അൻവർ തന്നെ വ്യക്തമാക്കിയതാണ്. പാർലമെൻറി പാർട്ടി അംഗത്വം അൻവർ സ്വയം വലിച്ചെറിഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ അൻവറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാൽ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അൻവറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അൻവറിന്‍റേത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തെരഞ്ഞെുടുപ്പിൽ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്‍റെ ഭാര്യക്കെതിരെയും അൻവര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇ.എം.എസ് മുതൽ വി.എസ് വരെയുള്ള മുഖ്യമന്ത്രിമാർക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാർട്ടിയെ ഇല്ലായ്മ ചെയ്യാൻ അൻവർ അല്ല ആര് ശ്രമിച്ചാലും നടക്കില്ല. എ.ഡി.ജി.പിയെ സംരക്ഷിക്കുന്നില്ലെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി.

അൻവർ വലതുപക്ഷത്തിന്‍റെ കൈയിലെ കോടാലിയായെന്നും ഗോവിന്ദൻ വിമർശിച്ചു. അൻവറിനെതിരെ സഖാക്കളും പാർട്ടിയെ സ്നേഹിക്കുന്നവരും രംഗത്ത് ഇറങ്ങണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കുറിച്ച് അൻവറിന് ധാരണയില്ല. കോൺഗ്രസ് പാരമ്പര്യമുള്ളയാണ് അൻവർ. സാധാരണക്കാരുടെ വികാരങ്ങൾ ഉൾക്കൊണ്ടല്ല അൻവർ സംസാരിക്കുന്നതെന്നും ഗോവിന്ദൻ പറഞ്ഞു.

Tags:    
News Summary - No attempt was made to weaken the party -Anwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.