തിരുവനന്തപുരം: റേഷൻകടകൾ വഴി പലവ്യഞ്ജനസാധനങ്ങളും വിതരണം ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു. ഇതിനായി റേഷൻകടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കും. ഭക്ഷ്യകിറ്റ് വിതരണം ചെയ്ത വകയിൽ റേഷൻ വ്യാപാരികൾക്ക് നൽകാനുള്ള കമീഷൻ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ നൽകാൻ കഴിയില്ല. അതൊരു സേവനമായി കാണണം. കോവിഡ് പ്രതിസന്ധിയിൽ നിന്നുകൊണ്ടാണ് അതിജീവനക്കിറ്റ് വിതരണം ചെയ്തത്. ആ അവസ്ഥ മാറിവരുന്നതിനാൽ കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.
ഓണക്കിറ്റിലേക്ക് ഏലക്ക വാങ്ങിയതിൽ അഴിമതിയില്ല. 8634359 പാക്കറ്റുകൾക്ക് 26.81 കോടിയാണ് ചെലവായത്. മുൻഗണന കാർഡുകൾ അനർഹമായി കൈവശം െവച്ചിരിക്കുന്നവർക്ക് ഒക്ടോബർ 15 വരെ പിഴകൂടാതെ സറണ്ടർ ചെയ്യാം. അതിന് ശേഷം കണ്ടെത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
സംസ്ഥാനത്തിെൻറ മുൻഗണനാപരിധി വർധിപ്പിച്ച് നൽകുന്നതിന് കേന്ദ്രസർക്കാറിനോട് നിരന്തരം അഭ്യർഥിക്കുന്നുണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടാകുന്നില്ല. ഗുരുതര ശാരീരിക മാനസിക പ്രശ്നമുള്ള അംഗങ്ങൾ ഉള്ള കുടുംബങ്ങളെ പ്രത്യേക പരിഗണന നൽകി മുൻഗണനപട്ടികയിൽ ഉൾപ്പെടുത്തുന്നതിനും ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്ന കുടുംബങ്ങളിലെ ആർക്കെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവരെയും പ്രത്യേകമായി പട്ടികയിൽ ഉൾപ്പെടുത്താൻ സിവിൽ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തി.
നിശ്ചിത ശതമാനത്തിന് മുകളിൽ അംഗപരിമിതി ഉള്ളവർക്ക് മുൻഗണനാ കാർഡ് നൽകാൻ കഴിയുമോയെന്നത് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ സാമൂഹികനീതി വകുപ്പിെൻറ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. സ്വയം ചലിക്കുന്നതിനുള്ള ശേഷി പൂർണമായി നഷ്ടമായവർ അംഗങ്ങളായുള്ള കുടുംബങ്ങളെ മുൻഗണനപട്ടികയിൽ ഉൾപ്പെടുത്തുന്നത് ഗൗരവമായി കാണും. ഒരു കാർഡിലും പേരില്ലാത്ത ആധാർ കാർഡുള്ളവർക്ക് പുതിയ റേഷൻ കാർഡ് അനുവദിച്ച് ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ ഉത്തരവായിട്ടുണ്ട്.
വാടകവീടുകളിൽ താമസിക്കുന്നവർക്ക് സാധുവായ വാടകകരാറോ കെട്ടിട ഉടമയുടെ സമതപത്രമോ ഇല്ലാതെ തന്നെ അപേക്ഷയോടൊപ്പം നൽകുന്ന സ്വയം സാക്ഷ്യപത്രവും ആധാർ കാർഡും പരിശോധിച്ച് പുതിയ റേഷൻ കാർഡ് നൽകുന്നുണ്ട്. റദ്ദാക്കിയ 599 റേഷൻകടകൾ പുതിയ ലൈസൻസികൾക്ക് കൊടുക്കുന്നതിനുള്ള നടപടികൾ ഒക്ടോബർ-നവംബറിൽ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.