കണ്ണൂർ: പയ്യന്നൂർ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലെ ഉത്സവപ്പറമ്പിൽ ഇനി ആ വിവാദ ബോർഡ് വേണ്ട. മുൻ വർഷങ്ങളിൽ ക്ഷേത്രോത്സവ സമയത്ത് പ്രത്യക്ഷപ്പെടാറുള്ള ‘മുസ്ലിംകൾക്ക് പ്രവേശനമില്ല’ എന്ന ബോർഡാണ് ഈ വർഷം മുതൽ വേണ്ടതില്ലെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചത്. ക്ഷേത്ര കമ്മിറ്റി ഒറ്റക്കെട്ടായാണ് ഇത്തരമൊരു തീരുമാനമെടുത്തത്.
തിങ്കളാഴ്ച സംക്രമ അടിയന്തിരവുമായി ബന്ധപ്പെട്ടു നടന്ന നാല് ഊരിലെയും വാല്യക്കാർ പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം. സംക്രമ പൂജക്കു ശേഷം നടയിൽ ഒത്തുചേർന്ന വാല്യക്കാരുടെ മുമ്പാകെ ക്ഷേത്രം കർമി ഷിജു മല്ലിയോടനാണ് തീരുമാനമറിയിച്ചത്. ഇത് വാല്യക്കാർ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. ഉത്സവപ്പറമ്പിലെ ബോർഡ് മുൻകാലങ്ങളിൽ വൻ വിവാദത്തിന് വഴിതെളിച്ചിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന കമ്മിറ്റി യോഗത്തിൽ വിഷയം കൈയാങ്കളിയുടെ വക്കിലെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച സംക്രമ പൂജ പ്രമാണിച്ച് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്തിരുന്നു. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഒരു പ്രശ്നവും ഉണ്ടായില്ല.
അതിനിടെ, വിവാദ ബോർഡുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിമംഗലത്തെ കെ. പ്രകാശനെ (45)യാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മതസ്പർധയുണ്ടാക്കുന്ന രീതിയിലുള്ള പോസ്റ്റ് ഷെയർ ചെയ്തുവെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.