മലപ്പുറം: ഫണ്ടിന്റെ അപര്യാപ്തതമൂലം മലപ്പുറം ഹാജിയാർപള്ളിയിലെ വനംവകുപ്പിന്റെ ഭൂമിയിൽ ജൈവവൈവിധ്യ പാർക്ക് സ്ഥാപിക്കാൻ സാധിച്ചില്ലെന്ന് നിയമസഭയിൽ ആവർത്തിച്ച് വനംമന്ത്രി എ.കെ. ശശീന്ദ്രൻ. ചൊവ്വാഴ്ച പി. ഉബൈദുല്ല എം.എൽ.എയുടെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. കഴിഞ്ഞ വർഷവും നിയമസഭ ചോദ്യത്തിനുള്ള മറുപടിയിൽ ഫണ്ടില്ലെന്നാണ് നിയമസഭയിൽ വനംമന്ത്രി പറഞ്ഞത്.
അഞ്ച് ലക്ഷം രൂപയാണ് ഹാജിയാർപള്ളിയിൽ നടപ്പാക്കാൻ ഭരണാനുമതി ലഭിച്ച ‘കൽപ്പതരു എന്ന പേരിലുള്ള പദ്ധതിക്ക് സർക്കാർ വകയിരുത്തിയത്. മലപ്പുറം സാമൂഹിക വനവത്കരണ വിഭാഗത്തിന് കീഴിൽ ഹാജിയാർ പള്ളിയിൽ ഒരു ഹെക്ടർ സ്ഥലമാണ് വനംവകുപ്പിനുള്ളത്. പരിസ്ഥിതി ദിനത്തിന്റേയും മറ്റുവിവിധ ദിനാചരണങ്ങളുടെയും ഭാഗമായി നിരവധി വൃക്ഷത്തൈകൾ സ്ഥലത്ത് വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഈ സ്ഥലം ചെങ്കൽ നിറഞ്ഞ കുന്നിൻപ്രദേശമായതിനാൽ വെള്ളത്തിന്റെ ലഭ്യത നന്നെ കുറവാണ്. സ്ഥലം ഫലപ്രദമായി വിനിയോഗിച്ച് സാമൂഹിക വനവത്കരണം നടപ്പിലാക്കാനായി മൈക്രോപ്ലാൻ തയാറാക്കിയിരുന്നു. ഇതോടൊപ്പം കൽപ്പതരു എന്ന പേരിൽ ജൈവവൈവിധ്യ ഉദ്യാനം സ്ഥാപിക്കാൻ സർക്കാർ ഭരണാനുമതിയും നൽകിയിരുന്നു. ഈ പ്രൊപ്പോസലിൽ ബയോഡൈവേഴ്സിറ്റി പാർക്ക് (രണ്ട് ലക്ഷം), ചിത്രശലഭ ഉദ്യാനം (രണ്ട് ലക്ഷം), ബാംബൂ സെറ്റം (ഒരു ലക്ഷം) എന്നിവയാണ് ഉൾപ്പെടുന്നത്. ആകെ അഞ്ച് ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയായിട്ടും പണം എടുക്കാനില്ലെന്നാണ് വനംമന്ത്രിയുടെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.