തിരുവനന്തപുരം: ഇന്നുവരെ ആരിൽ നിന്നും പണം കൈ കൊണ്ട് വാങ്ങിയിട്ടില്ലെന്നും കൈ കൊണ്ട് എന്നുമാത്രമേ പറയുന്നുള്ളൂവെന്നും പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദ കരിമണൽ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയ വിവരം പുറത്തുവന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാർ കോഴ കേസിന്റെ കാലത്ത് മേശപ്പുറത്ത് കാശ് കൊണ്ടുവന്നുവെച്ചിട്ട് അദ്ദേഹം അതു വാങ്ങിയിട്ടില്ല എന്ന് പറയുന്ന സർട്ടിഫിക്കറ്റ് തനിക്കുണ്ട്.
ഇപ്പോൾ വന്നതെല്ലാം പാർട്ടി നടത്തുന്ന നേതാക്കളുടെ പേരാണ്. ഞാനും ഒരു പാർട്ടി നടത്തുന്ന ആളാണ്. പാർട്ടി സംഭാവന സ്വീകരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ രസീതും കൊടുത്ത് കണക്കും വെച്ചിട്ടുണ്ടാകും. അത്രയേ പറയാനുള്ളൂ. അതല്ലാത്ത വിശുദ്ധിയിൽ ലോകത്താരും പാർട്ടികളൊന്നും നടത്തുന്നുണ്ടാകില്ല.
ഇതൊക്കെ എത്രയോ കാലം മുമ്പ് നടന്നതാണ്. സംഭാവനയാണോ അല്ലയോ എന്നുപോലും അറിയില്ല. ആ പട്ടികയിൽ മാധ്യമസ്ഥാപനങ്ങളുണ്ട്, പ്രസ് ക്ലബുകളുണ്ട്, മാധ്യമപ്രവർത്തകരുണ്ട്. അതിൽ ചാരിറ്റിയുണ്ടാകും, സ്പോൺസർഷിപ്പുണ്ടാകും, പരസ്യമുണ്ടാകും. ഇവിടെ പ്രവർത്തിക്കുന്ന ഒരു കമ്പനിയല്ലേ അത്. എന്തെല്ലാം കാര്യങ്ങൾ അവർ സ്പോൺസർ ചെയ്തിട്ടുണ്ടാകും. നമ്മളെല്ലാം ഇങ്ങനെ വിശുദ്ധി വാദിക്കണോ? അതിൽ കാര്യമൊന്നുമില്ല. ഞങ്ങൾക്ക് പണം തന്നതുകൊണ്ട് പരിസ്ഥിതി ബോർഡ് എതിർക്കാൻ പാടില്ല എന്നുണ്ടോ? മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ആരോപണം അവസരം വരുമ്പോൾ സഭയിൽ ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.