തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പോൾവാൾട്ട് മത്സരത്തിന് പച്ചമുളയുമായി എത്തിയ മുഹമ്മദ് നിയാസിന് ഇനി ഫൈബർ പോൾ വാങ്ങാൻ കടലിൽ മീൻപിടിക്കാൻ പോകണ്ട. 'മാധ്യമം' വാർത്തയെതുടർന്ന് ഈ പ്ലസ് വൺകാരനെ സഹായിക്കാൻ പ്രവാസി സംഘടനകളും ഫോമ മുൻ പ്രസിഡൻറ് ബേബി ഊരാളിലും വടകരയിലെ അഭ്യുദയകാംക്ഷികളും മുന്നോട്ടുവന്നു. ഇതിനോടകം 78,000 രൂപയാണ് മലപ്പുറം കെ.എച്ച്.എം.എച്ച്.എസ്.എസിലെ വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് എത്തിയത്. ഈ തുകകൊണ്ട് നല്ലൊരു പോൾ വാങ്ങി അടുത്തവർഷം സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണം നേടുമെന്ന് മുഹമ്മദ് നിയാസ് 'മാധ്യമ'ത്തോട് പറഞ്ഞു.
മലപ്പുറം ചീരാൻകടപ്പുറം മൂത്താട്ട് വീട്ടിൽ മത്സ്യത്തൊഴിലാളിയായ ഈസ്മായിലിന്റെയും നസീമയുടെയും മൂന്നുമക്കളിൽ ഇളയവനായ നിയാസ് പരിശീലകനില്ലാതെ സ്വന്തമായാണ് താനൂർ കടപ്പുറത്ത് കൂട്ടുകാർക്കൊപ്പം പോൾവാൾട്ട് പരിശീലിക്കുന്നത്. ആദ്യകാലങ്ങളിൽ ശീമക്കൊന്നയുടെ കമ്പ് കുത്തിയായിരുന്നു പരിശീലനം. എന്നാൽ, ആറാം ക്ലാസിൽ കമ്പൊടിഞ്ഞ് നടുവിന് പരിക്കേറ്റതോടെയാണ് മുളയിലേക്ക് മാറിയത്. പോൾ വാങ്ങണമെന്ന ആഗ്രഹവുമായി പിതാവിനൊപ്പം കടലിൽ പണിക്ക് പോകാറുണ്ടെങ്കിലും കുടുംബത്തിന്റെ പ്രാരാബ്ധങ്ങൾമൂലം 75,000 രൂപക്ക് മുകളിൽ വിലവരുന്ന പോൾ വാങ്ങാൻ കഴിഞ്ഞിരുന്നില്ല.
മലപ്പുറം റവന്യൂ ജില്ല കായികമേളക്കിടയിൽ പോൾ വോൾട്ടിന് ഉപയോഗിച്ചിരുന്ന മുള ഒടിഞ്ഞതിനെതുടർന്ന് സംസ്ഥാന കായികമേളക്ക് എട്ട് ദിവസം മുമ്പാണ് പുതിയ മുള നിയാസ് വെട്ടിയെടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നത്. മത്സരത്തിന് മുമ്പുള്ള പരിശീലനവേളയിൽ സഹമത്സരാർഥി നൽകിയ പോളിൽ 3.30 മീറ്റർ നിയാസ് ചാടിയിരുന്നു. എന്നാൽ, മത്സരം ആരംഭിച്ചശേഷം ഈ പോൾ സഹതാരം നൽകിയില്ല. ഒടുവിൽ പുതിയ മുളയുടെ ഭാരം കൈയിലൊതുക്കാൻ കഴിയാതെ 2.90 മീറ്ററിൽ മത്സരം അവസാനിപ്പിച്ച് നിറഞ്ഞ കണ്ണുകളോടെയാണ് ഈ മിടുക്കൻ ട്രാക്ക് വിട്ടത്
ഒരുപാട് സങ്കടത്തോടെയാണ് പച്ച മുളയുമായി ഞാൻ തിരുവനന്തപുരത്തേക്ക് വന്നത്. പക്ഷേ, ഇവിടെനിന്ന് ഏറെ സന്തോഷത്തോടെ മടങ്ങുന്ന കായികതാരം ഞാനായിരിക്കും. ഞാനറിയാത്ത, എന്നെ സഹായിച്ചവരോട് എനിക്ക് തരാനുള്ളത് ഒരു ഉറപ്പ് മാത്രമാണ്. അടുത്തവർഷം ഞാൻ സ്വർണം നേടിയിരിക്കും. ഞാനും എന്റെ കുടുംബവും ഏറെ കടപ്പെട്ടിരിക്കുന്നത് 'മാധ്യമ'ത്തോടാണ്. മാധ്യമം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും എന്റെ ആഗ്രഹം പൂർത്തിയാകുമായിരുന്നില്ല. ഒരു പാട് നന്ദി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.