തിരുവനന്തപുരം: മാസ്ക് ഒഴിവാക്കുന്നതിനുള്ള സാധ്യതകൾ സർക്കാർ തേടിത്തുടങ്ങിയെങ്കിലും അൽപംകൂടി കാത്തിരിക്കണമെന്ന് വിദഗ്ധസമിതി. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവിനുള്ള സാധ്യതകൾ ആരായുന്നത്. രണ്ടോ മൂന്നോ ആഴ്ച കൂടി കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഇക്കാര്യം പരിശോധിക്കാമെന്നും നിലവിൽ സമയമായിട്ടില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ നിലപാട്. ഇളവുകൾ വന്നാലും അടച്ചിട്ട സ്ഥലങ്ങൾ, പൊതുചടങ്ങുകൾ, പൊതുവാഹനങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡുകൾ, വിമാനത്താവളങ്ങൾ, തിയറ്ററുകൾ, എ.സി മുറികൾ, ആശുപത്രികൾ, എന്നിവിടങ്ങളിൽ മാസ്ക് ധരിക്കണമെന്ന ഉപാധിയോടെ മറ്റിടങ്ങളിൽ ഭാഗികമായി മാസ്കിളവ് ഏർപ്പെടുത്തുമെന്നാണ് വിവരം. മറ്റ് രോഗങ്ങളുള്ളവർക്ക് മാസ്ക് നിർബന്ധമാക്കും.
മാസ്ക് സംബന്ധിച്ച് നിലവിൽ സർക്കാറിന് ശിപാർശകളൊന്നും കൈമാറിയിട്ടില്ലെന്നും അൽപംകൂടി കാത്തിരിക്കണമെന്നും വിദഗ്ധസമിതി ചെയർമാൻ ഡോ.ബി. ഇഖ്ബാൽ 'മാധ്യമ'ത്തോട് പറഞ്ഞു. 'മാസ്ക് ഒരു ഭാരമായി കാണരുത്. ആൾക്കൂട്ടമുള്ളിടങ്ങളിൽ മാസ്ക് തുടരുന്നതാണ് നല്ലത്. മാസ്കിനെ അനുഗ്രഹമായി കരുതണം. പോക്കറ്റ് വാക്സിനെന്നാണ് മാസ്കിനെ കുറിച്ച് പറയുന്നത്. ചെലവഴിക്കുന്ന കാര്യങ്ങളിൽ ഏറ്റവും പ്രയോജനം തരുന്നത് മാസ്കുകളാണ്. ഇപ്പോൾ മാസ്ക് മാറ്റൽ അനിവാര്യതയായി തോന്നുന്നില്ല. സമിതിയിലെ അംഗങ്ങളോടെല്ലാം അഭിപ്രായമാരാഞ്ഞിരുന്നു. എല്ലാവരുടെയും നിലപാട് അൽപം കൂടി കഴിയട്ടെയെന്നാണ്' -ഇഖ്ബാൽ പറഞ്ഞു. മാസ്ക് മാറ്റാറായിട്ടില്ല. കുറച്ച്നാള്‍ കൂടി ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.