സിനിമ സെറ്റിൽ ഷാഡോ പൊലീസ്​ വേണ്ട; ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈയിലുള്ളവർ പുറത്തുവിടണം -ഫെഫ്ക

കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച ആരോപണത്തിന്‍റെ പേരിൽ സെറ്റിൽ ഷാഡോ പൊലീസിനെ നിയോഗിക്കാനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന്​ ഫെഫ്ക. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക കൈയിലുള്ളവർ പുറത്തുവിടണം. സിനിമ മേഖലയെ മുഴുസമയം നിരീക്ഷണത്തിൽ നിർത്തുന്നതിനെ എതിർക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

വെബ്​ സീരിസ്​ ചിത്രീകരണത്തിന്​ ഈരാറ്റുപേട്ടയിൽ എത്തിയ സംവിധായകൻ നജീം കോയയുടെ ഹോട്ടൽ മുറിയിൽ ഉന്നത എക്​​സൈസ്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിന്​ പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്​. എക്​സൈസ്​ ഇന്‍റലിജൻസ്​ എന്ന്​ പറഞ്ഞെത്തിയവർ തിങ്കളാഴ്ച രാത്രി രണ്ട്​ മണിക്കൂറോളമാണ്​ പരിശോധിച്ചത്​. മറ്റ്​ സിനിമയിൽ പ്രവർത്തിക്കുന്നവരും ഹോട്ടലിൽ താമസിക്കുന്നുണ്ടായിരുന്നു. എന്നാൽ, നജീമിന്‍റെ മുറിയിൽ മാത്രമായിരുന്നു പരിശോധന.

നജീമിനൊപ്പമുണ്ടായിരുന്ന രണ്ടുപേരെ പുറത്താക്കി മുറി അകത്തുനിന്ന്​ പൂട്ടിയ ശേഷമാണ്​ 20 അംഗ സംഘം കർട്ടനടക്കം അഴിച്ച്​ പരിശോധിച്ചത്​. നജീമിന്‍റെ കൈവശം ലഹരി മരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്​ പരിശോധന എന്നായിരുന്നു വിശദീകരണം. എന്നാൽ, ഒന്നും കണ്ടെത്താനാവാതെ ക്ഷമാപണം നടത്തി സംഘം മടങ്ങി.

മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത നജീമിനെ കുടുക്കാൻ ആരോ എക്​സൈസിനെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ഇത്​ സംബന്ധിച്ച്​ മുഖ്യമന്ത്രിക്കും എക്​സൈസ്​ മന്ത്രിക്കും പരാതി നൽകിയതായി ​വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്ത നജീം കോയ അറിയിച്ചു. തന്‍റെ ഭാവിയും അവസരങ്ങളും തകർക്കാൻ ശ്രമിച്ചവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.​ 

Tags:    
News Summary - no need for shadow police on film sets says FEFKA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.