കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം എറണാകുളം മറൈൻ ഡ്രൈവിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു (ഫോ​ട്ടോ: ബൈജു കൊടുവള്ളി)

രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാവരുടേതും​; ദേശസ്നേഹം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല -ഇബ്രാഹീം ഖലീലുൽ ബുഖാരി

കൊച്ചി: ഇന്ത്യ രാജ്യം ഇവിടെ ജീവിക്കുന്ന എല്ലാ മനുഷ്യരുടേതുമാെണന്നും ഒരു പൗരന്‍റെയും ദേശസ്നേഹം ചോദ്യം ചെയ്യാനോ പൊക്കിൾകൊടി ബന്ധം മുറിച്ചു മാറ്റാനോ ആർക്കും അവകാശമില്ലെന്നും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി ഇബ്രാഹീം ഖലീലുൽ ബുഖാരി പറഞ്ഞു. ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് അധികാരം കയ്യാളുന്ന രാഷ്ട്രീയം വലിയ അപകടങ്ങളാണ് വരുത്തി വെച്ചുകൊണ്ടിരിക്കുന്നത്. കേരള മുസ്ലിം ജമാഅത്ത് വാർഷിക കൗൺസിലിനോടനുബന്ധിച്ച് എറണാകുളം മറൈൻഡ്രൈവിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സാമൂഹിക സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ നന്മയിൽ ഒത്തുചേർന്ന് രാജ്യത്തെ പുനർനിർമിക്കാൻ എല്ലാവരും മുന്നോട്ട് വരണം. രാജ്യത്തെ ന്യൂനപക്ഷങ്ങൾ പ്രത്യേകിച്ച് മുസ്ലിംകൾ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. അവരുടെ ഭാവിയും അസ്തിത്വവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഗൗരവമായി ചർച്ചചെയ്യപ്പെടണം. മുസ്ലിംകളുടെ ദേശക്കൂറിൽ സംശയം ജനിപ്പിക്കുകയും അപരവത്കരിക്കുകയും ചെയ്യുന്ന പ്രവണത രാജ്യത്തെ ശിഥിലമാക്കാനേ ഉപകരിക്കൂ അദ്ദേഹം വ്യക്തമാക്കി.

സയ്യിദ് അലി ബാഫഖി പ്രാർഥന നടത്തി. സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സന്ദേശം വായിച്ചു. പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, സി. മുഹമ്മദ് ഫൈസി, പേരോട് അബ്ദുൽ റഹ്മാൻ സഖാഫി, അബൂഹനീഫൽ ഫൈസി, താഹ സഖാഫി, ഫിർദൗസ് സഖാഫി, മാളിയേക്കൽ സുലൈമാൻ സഖാഫി, റഹ്മത്തുള്ളാ സഖാഫി എളമരം, ഫൈസൽ അഹ്സനി രണ്ടത്താണി, എൻ. അലി അബ്ദുല്ല , വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി , സി.ടി. ഹാശിം തങ്ങൾ പ്രസംഗിച്ചു.

Tags:    
News Summary - No one has the right to question patriotism - Ibrahim Khaleelul Bukhari

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.