കാസർകോട്: കല്യാശ്ശേരി കള്ളവോട്ട് വോട്ടറുടെ വീട്ടിലെ സി.സി.ടി.വി കാമറ ഒപ്പിയെടുക്കുന്നത് ആരും അറിഞ്ഞില്ല. സമ്മതിദായക അറിയാതെ സി.പി.എം ഏജന്റ് വോട്ട് ചെയ്തശേഷമാണ് കാമറയുടെ സാന്നിധ്യംതന്നെ അറിയുന്നത്. കാമറയുടെ അദൃശ്യ സാന്നിധ്യമാണ് രംഗം ഒപ്പിയത്.
കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് ബൂത്ത് നമ്പർ 164ലെ 92കാരിയായ ദേവിക്ക് വീട്ടുവോട്ട് നിശ്ചയിച്ചത് ഏപ്രിൽ 19നാണ്. എന്നാൽ, പോളിങ് സംഘം 18ന് 4.15ന് തന്നെ എത്തി. ഇക്കാര്യം ബി.ജെ.പി ഏജന്റുമാരെ അറിയിച്ചിരുന്നില്ലത്രെ. ദിവസം നിശ്ചയിക്കാൻ റിട്ടേണിങ് ഓഫിസർക്ക് വിവേചനാധികാരമുണ്ട്. അത് ഉപയോഗിച്ച് 18ന് നാല് മണിയാണ് ദേവിക്ക് രേഖപ്പെടുത്താൻ തെരഞ്ഞെടുത്തത്.
സി.പി.എമ്മിന്റെ പ്രതിനിധി ദേവിയുടെ വീട്ടിലേക്കുള്ള കവാടത്തിൽ ഇരിക്കുകയായിരുന്നു. ബി.ജെ.പി കുടുംബമാണെന്നറിയാമായിരുന്നതിനാൽ കൂടുതൽ ഇടപെടൽ ദൃശ്യമല്ലായിരുന്നു.
അടുക്കള ഭാഗത്താണ് പോളിങ് സ്ഥലം നിശ്ചയിച്ചത്. സജ്ജീകരണങ്ങൾ ഒരുക്കിയശേഷം പോളിങ് ഓഫിസർ ബാലറ്റ് പേപ്പർ സംരക്ഷിത കവറിൽ മേശപ്പുറത്ത് വെച്ചു. അതിനുശേഷം ദേവിയോട് കുറച്ച് പേപ്പറുകളിൽ ഒപ്പുവെക്കാൻ ആവശ്യപ്പെട്ടു. ദേവി അതുപോലെ ചെയ്തു. ശേഷം ബാലറ്റ് പേപ്പർ കൈവശം കൊടുത്ത് ഇഷ്ടമുള്ള ചിഹ്നത്തിൽ ഒപ്പുവെക്കാനാവശ്യപ്പെട്ടു.
ദേവിക്ക് വെപ്രാളമുണ്ടായിരുന്നു. ഈസമയം മുറ്റത്ത് ഇരുപതടി ദൂരെയുണ്ടായിരുന്ന സി.പി.എം ഏജന്റ് ഗണേശൻ അടുത്ത് വരാൻ ശ്രമിക്കുകയും പിന്നോട്ട് പോകുകയും ചെയ്തുകൊണ്ടിരുന്നു. ദേവിയുടെ വെപ്രാളം കണ്ട് നിങ്ങളുടെ ചിഹ്നം ഓർമയുണ്ടല്ലോ അല്ലേ എന്ന് ദേവിയോട് ഉദ്യോഗസ്ഥർ ചോദിക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ ഗണേശൻ ദേവിയുടെ കൂടുതൽ അടുത്തെത്തി. ഈ സമയം വോട്ട് ചെയ്യേണ്ടത് എങ്ങനെയെന്ന് ഒരു ഉദ്യോഗസ്ഥൻ കാണിച്ചുകൊടുത്തു. എന്നിട്ടും ദേവി വോട്ട് ചെയ്തിരുന്നില്ല. ഇതിനിടയിൽ വീണ്ടും ചോദിച്ചു ചെയ്തോയെന്ന്. ‘ഇല്ല’ എന്ന് പറഞ്ഞപ്പോൾ ഗണേശൻ അടുത്തുവരികയും അദ്ദേഹത്തിന്റെ പാർട്ടി ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ഈ സമയം അടുത്തുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ തന്റെ കണ്ണുകൊണ്ട് കാമറയുണ്ടെന്ന് പോളിങ് ഓഫിസറുടെ ശ്രദ്ധയിൽപെടുത്താൻ ശ്രമിച്ചു. കറങ്ങുന്ന കാമറയായിരുന്നു അത്. ഓരോ കറക്കത്തിലും പോളിങ് രംഗം ചിത്രീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഗണേശന്റെ പ്രകടനസമയത്ത് കാമറ കൃത്യമായി വന്ന് ചിത്രമെടുത്തു. ഈ സമയം മറ്റൊരു ഉദ്യോഗസ്ഥൻ ചിരിക്കുന്നുണ്ടായിരുന്നു. കാമറ ശ്രദ്ധയിൽപെടുത്തിയപ്പോൾ പോളിങ് ഓഫിസർ ‘അത് കുഴപ്പമില്ല’ എന്നും പറയുന്നുണ്ട്.
ദേവിയുടെ വോട്ട് മോഷ്ടിക്കുകയായിരുന്നു സി.പി.എം ചെയ്തതെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും കണ്ണൂർ പാർലമെന്റ് മണ്ഡലം ചുമതലക്കാരനുമായ അഡ്വ. കെ. ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേവിയുടെ വീട്ടുവോട്ട് നിശ്ചയിച്ചത് 19നാണ്. വന്നത് 18നും. ഇത് ഉദ്യോഗസ്ഥർ ബോധപൂർവം നടത്തിയ ചതിയാണ് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.