കൊച്ചി: കേരള ഡിജിറ്റൽ സർവകലാശാലയിലെ (ഡി.യു.കെ) വൈസ് ചാൻസലർ നിയമനത്തിലും ഹൈകോടതി സ്റ്റേയില്ല. നിയമന നടപടി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി ഹൈകോടതി ഫയലിൽ സ്വീകരിച്ചു. ചാൻസലർ കൂടിയായ ഗവർണർക്കും താൽകാലിക വി.സി സിസ തോമസിനും ഹൈകോടതി നോട്ടീസ് അയച്ചു.
നവംബർ 27നാണ് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലും (കെ.ടി.യു) കേരള ഡിജിറ്റൽ സർവകലാശാലയിലും (ഡി.യു.കെ) സർക്കാർ സമർപ്പിച്ച പാനൽ തള്ളി സ്വന്തം നിലക്ക് ഗവർണർ വി.സി നിയമനം നടത്തിയത്. അത് ചോദ്യം ചെയ്താണ് ഇന്നലെയും ഇന്നും സർക്കാർ ഹൈകോടതിയിൽ ഹരജി നൽകിയത്.
തങ്ങളുടെ അനുമതിയില്ലാതെ ഗവർണർ സ്വമേധനാ നടപടിയുമായി മുന്നോട്ടു പോയതെന്നും നിയമനം സ്റ്റേ ചെയ്യണമെന്നുമാണ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പ് സെക്രട്ടറി സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
സാങ്കേതിക സർവകലാശാലയിലെ വി.സി നിയമനം സ്റ്റേ ചെയ്യാൻ സാധിക്കില്ലെന്ന് ഹൈകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. സർവകലാശാലകൾക്ക് വി.സിമാർ ഇല്ലാതിരിക്കുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ലെന്നും ഹൈകോടതി ചൂണ്ടിക്കാട്ടി. ഇരുഹരജികളും ഒരുമിച്ച് പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിലും (കെ.ടി.യു) കേരള ഡിജിറ്റൽ സർവകലാശാലയിലുമാണ് (ഡി.യു.കെ) സ്വന്തം നിലക്ക് ഗവർണർ വി.സി നിയമനം നടത്തിയത്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഷിപ് ടെക്നോളജി വകുപ്പിലെ പ്രഫസറായ ഡോ. കെ. ശിവപ്രസാദാണ് കെ.ടി.യു വി.സി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ മുൻ സീനിയർ ജോയന്റ് ഡയറക്ടറും നേരത്തെ കെ.ടി.യു വി.സിയുടെ ചുമതല വഹിക്കുകയും ചെയ്ത ഡോ. സിസ തോമസിനാണ് ഡിജിറ്റൽ സർവകലാശാലയിൽ വി.സിയുടെ ചുമതല നൽകിയത്.
കെ.ടി.യുവിൽ ഡോ. സജി ഗോപിനാഥ്, ഡോ.പി.ആർ. ഷാലിജ്, ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരുടെ പേരും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. എം.എസ്. രാജശ്രീയുടെ പേരും സർക്കാർ ഗവർണർക്ക് സമർപ്പിച്ചിരുന്നു. സർക്കാർ പാനൽ സമർപ്പിച്ച സാഹചര്യത്തിൽ നിയമനത്തിൽ വ്യക്തത തേടി രാജ്ഭവൻ ഹൈകോടതിയെ സമീപിച്ചു. ചൊവ്വാഴ്ച ഡിവിഷൻ ബെഞ്ച് വ്യക്തത നൽകിയതോടെയാണ് സർക്കാർ പാനൽ തള്ളി ഗവർണർ താൽക്കാലിക വി.സിമാരുടെ നിയമനം നടത്തിയത്.
ഡിജിറ്റൽ സർവകലാശാല വി.സിയും സാങ്കേതിക സർവകലാശാല വി.സിയുടെ അധിക ചുമതല വഹിക്കുകയും ചെയ്തിരുന്ന ഡോ. സജിഗോപിനാഥിന്റെ കാലാവധി ഒക്ടോബർ 26ന് പൂർത്തിയായതിനെ തുടർന്നാണ് രണ്ടിടത്തും ഒരുമാസമായി പദവി ഒഴിഞ്ഞുകിടന്നിരുന്നത്. താൽക്കാലിക വി.സി നിയമനത്തിന് സർക്കാറുമായി കൂടിയാലോചിക്കണമെന്ന് ഹൈകോടതി ഉത്തരവുള്ളത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ പാനൽ സമർപ്പിച്ചത്.
വി.സി നിയമനത്തിന് ബാഹ്യ ഇടപെടൽ പാടില്ലെന്ന് കണ്ണൂർ വി.സി പുനർനിയമനം റദ്ദാക്കിയുള്ള സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ സർക്കാർ പാനൽ അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു ഗവർണർ. സർക്കാർ പാനൽ സമർപ്പിച്ചതോടെയാണ് ഗവർണർ ഹൈകോടതിയിൽ നിന്ന് വ്യക്തത തേടിയതും പാനൽ തള്ളി വി.സി നിയമനം നടത്തിയതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.