മൂന്നാർ: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാർ ടൗണിലെ രണ്ട് ശുചിമുറികൾ പൂട്ടിയതോടെ പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ സൗകര്യമില്ലാതെ സഞ്ചാരികളും വ്യാപാരികളും ദുരിതത്തിൽ. വെള്ളമില്ലെന്ന കാരണം പറഞ്ഞാണ് ഒരാഴ്ച മുമ്പ് ടാക്സി സ്റ്റാൻഡിനു സമീപത്തെ ശുചിമുറികൾ പൂട്ടിയത്. ജല സംവിധാനം പുനഃസ്ഥാപിക്കാൻ നടപടിയെടുക്കാൻ ആഴ്ച ഒന്നായിട്ടും നടപടിയില്ല. ടൗണിലെ ടാക്സി സ്റ്റാൻഡ്, ചർച്ചിൽ പാലം എന്നിവിടങ്ങളിലാണ് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ട് ശുചിമുറികൾ പ്രവർത്തിച്ചിരുന്നത്. അറ്റകുറ്റപ്പണിക്കെന്ന പേരിൽ നാലുമാസം മുമ്പാണ് ശുചിമുറികൾ പൂട്ടിയത്. ഇതുവരെ പണി തുടങ്ങിയിട്ടുപോലുമില്ല.
രണ്ടു ശുചിമുറി കെട്ടിടങ്ങളും പൂട്ടിയതോടെ വിനോദസഞ്ചാരികളും കച്ചവടക്കാർ, കടകളിലെ സ്ത്രീകളടക്കമുള്ള ജീവനക്കാർ എന്നിവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഒരു സൗകര്യവുമില്ലാത്ത അവസ്ഥയാണുള്ളത്. മൂന്നാറിൽ ഏകദിന സന്ദർശനത്തിനെത്തുന്നവർ പ്രാഥമികാവശ്യങ്ങൾ നിറവേറ്റുന്നതും കുളിക്കുന്നതും ഈ ശുചിമുറികളിലായിരുന്നു. ടാക്സി സ്റ്റാൻഡിനു സമീപത്തായി അടഞ്ഞുകിടക്കുന്ന ശുചിമുറി കെട്ടിടത്തിൽ ഒരാഴ്ചയായി സന്ധ്യകഴിഞ്ഞാൽ മദ്യപാനം ഉൾപ്പെടെ സാമൂഹിക വിരുദ്ധ പ്രവർത്തനമാണ് നടക്കുന്നത്.
വെള്ളവുമായെത്തിയ വിനോദസഞ്ചാരിക്ക് ശുചിമുറിയിൽ പ്രവേശനം നൽകിയില്ലെന്ന പരാതിയുമുണ്ടായി അതിനിടെ. ശനിയാഴ്ച വൈകീട്ട് ടാക്സി സ്റ്റാൻഡിനു സമീപത്തെ ശുചിമുറി ഉപയോഗിക്കാനെത്തിയ പുതുച്ചേരി സ്വദേശിയായ വിനോദസഞ്ചാരിക്കാണ് ഈ ദുരനുഭവം.
വൈകീട്ട് ടൗണിലെത്തിയ നാലംഗ കുടുംബം ശുചിമുറിയിലെത്തിയപ്പോൾ വെള്ളമില്ലെന്ന കാരണം പറഞ്ഞ് ശുചിമുറി സൂഷിപ്പുകാരൻ ഇവരെ പറഞ്ഞുവിട്ടു. സമീപത്തെ കടയിൽനിന്ന് കുപ്പിവെള്ളവുമായി എത്തിയെങ്കിലും വൃത്തിയാക്കാൻ ആളില്ലെന്ന് പറഞ്ഞ് സൂഷിപ്പുകാരൻ ഇവരെ പ്രവേശിപ്പിച്ചില്ല. വിദേശ വിനോദസഞ്ചാരികളുപ്പെടെ എത്തുന്ന കേന്ദ്രത്തിനാണ് ഈ ദുർഗതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.