തിരുവനന്തപുരം: നാമനിർദേശ പത്രികകൾ തള്ളിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയെയും തെരഞ്ഞെടുപ്പ് കമീഷനെയും സമീപിക്കാനൊരുങ്ങി ബി.ജെ.പി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സ്വാധീനമുള്ള രണ്ടു മണ്ഡലങ്ങളിൽ എന്ത് നിലപാടെടുക്കുമെന്ന ആശയക്കുഴപ്പത്തിലാണ് നേതൃത്വം. പരാതിയുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് കമീഷനെ സമീപിക്കാമെന്ന ഹൈകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി അഭിഭാഷകരുമായി ബന്ധപ്പെടുന്നത്.
ദേവികുളത്ത് എൻ.ഡി.എ പത്രിക തള്ളിയെങ്കിലും സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, ഗുരുവായൂർ, തലശ്ശേരി മണ്ഡലങ്ങളിൽ എന്ത് നിലപാടെടുക്കുമെന്നതാണ് നേതൃത്വത്തെ വെട്ടിലാക്കിയത്. ഇരുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്താൽ ഡീൽ ആരോപണം ശരിയാകും. പത്രികകൾ തള്ളാനിടയായത് ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ഇരു മുന്നണികളും ആരോപിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തുന്ന മണ്ഡലങ്ങളിൽ ഉൾപ്പെട്ടതാണ് തലശ്ശേരിയും ഗുരുവായൂരും. പത്രിക തള്ളിയതിനു പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോയെന്നുൾപ്പെടെ കേന്ദ്ര നേതൃത്വവും പരിശോധിക്കുന്നുണ്ട്. അത് സംസ്ഥാന നേതൃത്വത്തിനും തിരിച്ചടിയാണ്. ചില ഉദ്യോഗസ്ഥരുടെ വിവേചനപരമായ നടപടികളാണ് പത്രിക തള്ളാൻ കാരണമെന്ന നിലപാടിലാണ് നേതൃത്വം. സാധാരണഗതിയിൽ പത്രികയിൽ അപാകതയുണ്ടെങ്കിൽ പരിശോധിച്ച് നോട്ടീസ് നൽകണം. കുറവുണ്ടെങ്കിൽ അത് അറിയിക്കണം. എന്നാൽ, അങ്ങനെ സംഭവിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
തലശ്ശേരിയിലെയും ഗുരുവായൂരിലെയും എൻ.ഡി.എ വോട്ട് കണ്ട് ആരും മനപ്പായസം ഉേണ്ണണ്ടെന്നും ഒരു വിധത്തിലും മത്സരിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായാൽ ആർക്ക് വോട്ട് ചെയ്യണമെന്ന് അപ്പോൾ തീരുമാനിക്കുമെന്നുമാണ് നേതൃത്വത്തിെൻറ വിശദീകരണം. എന്നാൽ, കാൽ ലക്ഷത്തിലധികം വോട്ടുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികളില്ലാതായത് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്കിന് കാരണമാകുമെന്ന ആശങ്ക പാർട്ടിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.