കണ്ണൂർ: എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറിയായതു മുതൽ തുടങ്ങിയ നിസ്സഹകരണം മറച്ചുവെക്കാതെ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കേന്ദ്രകമ്മിറ്റിയംഗം കൂടിയായ മുതിർന്ന നേതാവിന്റെ മാറിനിൽക്കലിൽ എന്തു പറയണമെന്നറിയാതെ നിസ്സഹായരാണ് പാർട്ടി നേതൃത്വം. ജനകീയപ്രതിരോധ ജാഥ കണ്ണൂരിൽ മൂന്നുദിവസം പര്യടനം നടത്തിയിട്ടും ആ ഭാഗത്തേക്കുപോലും ഇ.പി തിരിഞ്ഞുനോക്കിയിട്ടില്ല. മുതിർന്ന നേതാവിന്റെ വിട്ടുനിൽക്കലാണ് എം.വി. ഗോവിന്ദൻ പാർട്ടിയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
പാർട്ടി തലപ്പത്ത് തന്നെക്കാൾ ജൂനിയറായ ഒരാൾ എത്തിയതിലെ അതൃപ്തി തന്നെയാണ് ഇ.പി പറയാതെ പറയുന്നത്. മാറിനിൽക്കുന്നതിനെ കുറിച്ച് ആരാഞ്ഞ മാധ്യമപ്രവർത്തകരോടും ഇക്കാര്യം അദ്ദേഹം മറച്ചുവെക്കുന്നില്ല. മറ്റു ചടങ്ങുകളും തിരക്കുമെല്ലാം പറയുന്നുണ്ടെങ്കിലും ഏറക്കുറെ രണ്ടും കൽപിച്ചുള്ള നിലപാടാണ് ഇ.പി. ജയരാജൻ സ്വീകരിക്കുന്നതെന്ന് വ്യക്തം. കോടിയേരി ബാലകൃഷ്ണന്റെ പിൻഗാമിയായി പാർട്ടി സെക്രട്ടറി സ്ഥാനവും പോളിറ്റ് ബ്യൂറോ അംഗത്വവും ഇ.പി പ്രതീക്ഷിച്ചിരുന്നു.
കണക്കുകൂട്ടലുകൾ തെറ്റിച്ച് എം.വി. ഗോവിന്ദൻ ഇരുപദവികളിലുമെത്തി. അസംതൃപ്തനായ ഇ.പി മാസങ്ങളോളം പൊതുപരിപാടികളിൽനിന്ന് വിട്ടുനിന്നു. ചികിത്സക്കുള്ള അവധിക്കുശേഷവും മാറിനിന്നതിൽ നേതൃത്വത്തിനും ഒന്നും ചെയ്യാൻ കഴിയാത്ത സ്ഥിതിയായി. എം.വി. ഗോവിന്ദനുമായുള്ള ഉടക്കിലെ തക്കം മുതലാക്കിയാണ് പഴയ റിസോർട്ട് വിവാദം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ ഇ.പി. ജയരാജൻ പ്രതിരോധത്തിലാവുകയും ചെയ്തു.
ആരോപണത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ അദ്ദേഹം വിശദീകരണം നൽകി വിവാദം അൽപം കെട്ടടങ്ങിയെങ്കിലും കണ്ണൂർ സി.പി.എമ്മിൽ പി. ജയരാജന് മേൽക്കൈ ലഭിക്കാൻ ഇതിടയാക്കി. ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധം ആരോപിച്ചാണ് ഇ.പി. ജയരാജനെ അനുകൂലിക്കുന്നവർ അന്നേരം പി. ജയരാജനെ നേരിട്ടത്.
പിന്നീട് ആകാശ് തില്ലങ്കേരി ഉയർത്തിയ വിവാദങ്ങളിൽ പി. ജയരാജൻ ആദ്യം പ്രതിരോധത്തിലായെങ്കിലും തില്ലങ്കേരിയിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ ക്വട്ടേഷൻ സംഘങ്ങളെ തള്ളിപ്പറഞ്ഞ് അദ്ദേഹം വീണ്ടും സജീവമായി. ഇ.പി മാറിനിൽക്കുമ്പോൾ ജനകീയ പ്രതിരോധ ജാഥയിൽ പി. ജയരാജൻ സജീവമായ കാഴ്ചക്കുകൂടിയാണ് കണ്ണൂർ സാക്ഷ്യം വഹിച്ചത്.ഇ.പിയുടെ വിട്ടുനിൽക്കലിനെ എങ്ങനെയാണ് മറികടക്കുക എന്നതിനെ ആശ്രയിച്ചിരിക്കും കണ്ണൂരിലെ പാർട്ടി സമവാക്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.