കർഷകരുടെ നെല്ല് സംഭരിക്കാത്തത് ആന്ധ്രയിലെ അരിലോബിക്ക് വേണ്ടി -കെ. സുരേന്ദ്രൻ

ആലപ്പുഴ: സംസ്ഥാനത്തെ കർഷകരുടെ നെല്ല് സംഭരിക്കാൻ സർക്കാർ തയാറാവാത്തത് ആന്ധ്രപ്രദേശിലെ അരി ലോബിയുമായി ചേർന്നുള്ള ധാരണയുടെ അടിസ്ഥാനത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ആലപ്പുഴ നെടുമുടിയിൽ കെട്ടിക്കിടക്കുന്ന നെല്ല് ശേഖരം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട്ടെയും കുട്ടനാട്ടിലെയും കർഷകരുടെ നെല്ല് നശിച്ചു പോയാൽ പോകട്ടെ, അത്രയും അരി ആന്ധ്രയിൽനിന്ന് ഇറക്കാമെന്നാണ് സർക്കാർ കരുതുന്നത്. കമീഷൻ മാത്രമാണ് ഇതിന്റെ പിന്നിലെ അജണ്ട. എല്ലാ വർഷവും ഇത് സംഭവിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടനാട്ടിലെ ആയിരക്കണക്കിന് കർഷകരുടെ ടൺകണക്കിന് നെല്ലാണ് മഴയത്ത് കിടക്കുന്നത്. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇവർക്കുണ്ടാകുന്നത്. എട്ടും പത്തും ദിവസമായി നെല്ല് കൊയ്തതിന് ശേഷം വീണ്ടും വീണ്ടും കൂലിത്തൊഴിലാളികളെ വെച്ച് നെല്ല് ഉണക്കുകയാണ് കർഷകർ. ഓരോ ദിവസവും നെല്ല് ഉണക്കിയ ശേഷവും മഴപെയ്യുന്നതിനനുസരിച്ച് വീണ്ടും ഉണക്കേണ്ട ​ഗതികേടാണ്. നെല്ല് കൊയ്യുന്ന സമയമായെന്നും കൊയ്ത്തു യന്ത്രങ്ങൾ ആവശ്യമുണ്ടെന്നും മില്ലുകളെ കൊണ്ട് നെല്ല് ഏറ്റെടുപ്പിക്കണമെന്നും സർക്കാറിനറിയാവുന്നതാണ്. എന്നാൽ, ഒരു നടപടിയും എടുത്തില്ല.

കൃഷി മന്ത്രി ഇതുവരെ കുട്ടനാട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വിജയവാഡയിൽ പാർട്ടി സമ്മേളനത്തിന് പോയ അദ്ദേഹത്തെ കാണാൻ കിട്ടുന്നില്ല. പാട്ടത്തിന് സ്ഥലം ഏറ്റെടുത്താണ് കർഷകർ കൃഷി ചെയ്യുന്നത്. ലോകം മുഴുവൻ യാത്ര ചെയ്യുന്ന മുഖ്യമന്ത്രിക്ക് കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നം നിസാരമാണ്. കേന്ദ്രസർക്കാർ കുട്ടനാട് പാക്കേജിന്റെ പേരിൽ സംസ്ഥാനത്തിന് കൊടുത്ത കൊയ്ത്തു യന്ത്രങ്ങൾ കൊല്ലത്ത് ഒരു മൈതാനിയിൽ കിടന്ന് തുരുമ്പിക്കുകയാണ്. പിണറായി സർക്കാറിന്റെ കർഷക വിരുദ്ധ സമീപനത്തിനെതിരെ ബി.ജെ.പി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് എം.വി ​ഗോപകുമാർ, വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദൻ, തകഴി മണ്ഡലം പ്രസിഡന്റ് ഡി. സുഭാഷ്, കുട്ടനാട് മണ്ഡലം പ്രസിഡന്റ് വിനോദ് കുമാർ, മീഡിയ സെൽ കൺവീനർ അജിത്ത് കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Non-storage of farmers' paddy for Andhra lobby -K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.