സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍: എംബസികളുമായി കേരളത്തിന് നേരിട്ട് ബന്ധപ്പെടാം

തിരുവനന്തപുരം: സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക്  പോകുന്നവരുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള  ഏജന്‍സിയായി കേരള സര്‍ക്കാരിന്‍റെ നോര്‍ക്ക റൂട്ട്സിനെ അംഗീകരിക്കുന്നതു സംബന്ധിച്ച് ഈ എംബസികളുമായി സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ബന്ധപ്പെടാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.യു.എ.ഇ, കുവൈത്ത്, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ വിദ്യാഭ്യാസ സര്‍ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഏജന്‍സിയായി നോര്‍ക്ക റൂട്ട്സിനെ അംഗീകരിച്ചത് സ്വാഗതാര്‍ഹമായ കാര്യമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ സര്‍ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താനുള്ള അംഗീകാരത്തിന് വേണ്ടി അതത് എംബസികളുമായി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി അയച്ച കത്തിനുള്ള മറുപടിയിലാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതനുസരിച്ച് മൂന്ന് രാജ്യങ്ങളിലെയും എംബസികളുമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ബന്ധപ്പെടും.

കേരളത്തിലെ ബോര്‍ഡുകളും സര്‍വകലാശാലകളും നല്‍കുന്ന സര്‍ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയം അംഗീകരിച്ച  ഏക ഏജന്‍സിയാണ് നോര്‍ക്ക റൂട്ട്സ്.  നേരത്തെ അംഗീകരിച്ച മൂന്ന് രാജ്യങ്ങള്‍ക്ക് പുറമെ, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തർ എന്നീ എംബസികളുടെ അംഗീകാരം കൂടി നോര്‍ക്ക റൂട്ട്സിന് ലഭിച്ചാല്‍ കേരളത്തില്‍ നിന്ന് തൊഴില്‍ തേടി പോകുന്നവര്‍ക്ക് അത് വലിയ സഹായമാകും. 

Tags:    
News Summary - norka roots

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.