കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗിൽ (ഐ.എൻ.എൽ) ലയിച്ച നാഷനൽ സെക്കുലർ കോൺഫറൻസ് (എൻ.എസ്.സി) പുനരുജ്ജീവിപ്പിക്കാൻ നീക്കം. ഐ.എൻ.എല്ലിൽ തുടരുന്നതിലെ അതൃപ്തി മൂലമാണ് പഴയ പാർട്ടി വീണ്ടും സജീവമാക്കാൻ ഒരു വിഭാഗം നേതാക്കൾ ഊർജിത നീക്കം നടത്തുന്നത്. എൻ.എസ്.സി നേതാവായ പി.ടി.എ റഹീം എം.എൽ.എയും ഇൗ നീക്കത്തിന് പച്ചക്കൊടി കാട്ടുന്നതായാണ് സൂചന. കൊടുവള്ളി കേന്ദ്രീകരിച്ചാണ് നീക്കം.
2019ൽ സെക്കുലർ കോൺഫറൻസ് ഐ.എൻ.എല്ലിൽ ലയിച്ചെങ്കിലും നേതാക്കൾക്കിടയിൽ മാനസികമായ പൊരുത്തപ്പെടൽ നടന്നില്ല. ഐ.എൻ.എല്ലിൽ ചില നേതാക്കളുെട അപ്രമാദിത്വമാണെന്നാണ് പഴയ എൻ.എസ്.സിക്കാരുടെ ആക്ഷേപം. ദീർഘകാലത്തെ ഇടവേളക്കുശേഷം ജൂലൈ രണ്ടിന് കോഴിക്കോട്ട് സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. ആ കമ്മിറ്റിയിൽ പ്രശ്നം ശക്തമായി ഉന്നയിക്കാനും അനുനയത്തിന് സാധിച്ചില്ലെങ്കിൽ എൻ.എസ്.സി പുനരുജ്ജീവിപ്പിക്കാനുമാണ് നീക്കം. ഐ.എൻ.എല്ലിൽനിന്ന് പുറത്താക്കപ്പെട്ട മുൻ എൻ.എസ്.സി ജനറൽ സെക്രട്ടറി ജലീൽ പുനലൂരും ഇതുസംബന്ധിച്ച് നേതാക്കളുമായി ആശയവിനിമയം നടത്തുന്നുണ്ട്.
നിയമസഭാരേഖപ്രകാരം മന്ത്രി വി. അബ്ദുറഹ്മാൻ എൻ.എസ്.സിയുടെ എം.എൽ.എയാണ്. പി.ടി.എ റഹീം എൽ.ഡി.എഫ് സ്വതന്ത്രനാണ്. അതേസമയം, ന്യൂനപക്ഷസ്കോളർഷിപ് വിഷയത്തിൽ ജൂൺ ഏഴിന് പി.ടി.എ റഹീം പ്രസ്താവന നടത്തിയത് നാഷനൽ സെക്കുലർ കോൺഫറൻസ് സംസ്ഥാന പ്രസിഡൻറ് എന്ന നിലയിലാണ്.
ലയനസമയത്ത് പ്രസിഡൻറ് പി.ടി.എ റഹീം ഐ.എൻ.എല്ലിൽ ലയിക്കേണ്ടെന്ന നിർദേശംവെച്ചത്് സി.പി.എം ആണ്. എന്നാൽ, അനുയായികൾ ഐ.എൻ.എല്ലിൽ ലയിച്ചു. പത്തു വർഷം മുമ്പ് ഐ.എൻ.എല്ലിൽനിന്ന് പ്രധാന വിഭാഗം പിണങ്ങി യു.ഡി.എഫിൽ േപായപ്പോഴാണ് ആ തീരുമാനത്തിൽ അതൃപ്തിയുള്ളവർ ചേർന്ന് എൻ.എസ്.സി രൂപവത്കരിച്ചത്. സി.പി.എമ്മിെൻറ പിന്തുണയോെടയായിരുന്നു പാർട്ടി രൂപവത്കരണം.
വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല –പി.ടി.എ റഹീം
കോഴിക്കോട്: ഐ.എൻ.എൽ-എൻ.എസ്.സി ലയനം നടക്കുേമ്പാൾ ഇരുപാർട്ടികളും തമ്മിലുണ്ടാക്കിയ ധാരണകൾ പാലിക്കപ്പെട്ടില്ലെന്ന് പി.ടി.എ റഹീം എം.എൽ.എ. ലയനം പൂർത്തിയാക്കാനായില്ലെന്നും അദ്ദേഹം 'മാധ്യമ'ത്തോടു പറഞ്ഞു.
പാർട്ടി പുനരുജ്ജീവിപ്പിക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൽനിന്നുയരുന്നുണ്ട്. എൻ.എസ്.സി സംവിധാനം ശക്തമായി നിലവിലില്ലാത്തതിനാലാണ് കൊടുവള്ളി നിയോജകമണ്ഡലം ഇത്തവണ എൽ.ഡി.എഫിന് കിട്ടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.