കണ്ണൂർ: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി നൽകിയ ക്രിമിനൽ മാനഷ്ടക്കേസിൽ നിലമ്പൂർ എം.എൽ.എ പി.വി.അൻവറിന് നോട്ടീസ്. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് നോട്ടിസ് അയച്ചത്. ഡിസംബർ മൂന്നിന് അൻവർ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടിസിൽ പറയുന്നു.
വാർത്താസമ്മേളനങ്ങളിലും മറ്റു പരിപാടികൾക്കിടയിലും ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അൻവറിന് പിന്നിൽ അധോലോകമാണെന്നും തനിക്കെതിരായ ആരോപണങ്ങൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണെന്നും എന്നാണ് ശശിയുടെ പ്രതികരണം.
അൻവറിനെതിരെ നേരത്തേ തന്നെ ശശി നിയമനടപടി സ്വീകരിച്ചിരുന്നു. അതിന്റെ ഭാഗമായി ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഒക്ടോബർ മൂന്നിന് അൻവറിനെതിരെ വക്കീൽ നോട്ടീസ് അയച്ചു. ഈ നോട്ടീസിന് അൻവർ മറുപടി നൽകിയില്ല. തുടർന്നാണ് ക്രിമിനൽ നടപടിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.
കേരളത്തിലെ വിവിധ ജില്ലകളിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് നിരവധിയായ പെട്രോൾ പമ്പുകൾ ബിനാമിയായുണ്ട്. ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതും പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു മേഖലയിൽ പി. ശശിയുടെ വലിയ ഇൻവെസ്റ്റ്മെന്റുണ്ടെന്ന പ്രസ്താവനക്കെതിരെയാണ് നോട്ടീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.