കുപ്രസിദ്ധ മോഷ്ടാവ് തേങ്ങാ ബാബു പിടിയിൽ

തിരുവല്ല: ഒട്ടനവധി മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തേങ്ങാ ബാബു എന്ന കൊല്ലം ആദിനാട് കാട്ടിൽകടവ് കൊച്ചാലുമ്മൂട് കാഞ്ഞിക്കൽ പടിഞ്ഞാറേതിൽ ബാബു (56) പിടിയിലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയും 20 വർഷത്തോളം ജയിൽവാസം അനുഭവിച്ചിട്ടുള്ള ഇയാളെ തിരുവല്ല പൊലീസാണ് അറസ്റ്റ് ചെയ്തത്.

തിരുവല്ല പാലിയേക്കര ഉഷസ്സിൽ ഡോ പി.ടി അനിൽ കുമാറിന്റെ വീട്ടിൽ നിന്നും അഞ്ച് പവൻ സ്വർണാഭരണങ്ങളും 35,000 രൂപയും കവർന്നിരുന്നു. വീടിനുള്ളിലെ സി.സി.ടി.വിയിൽ നിന്നും ലഭിച്ച ദൃശ്യം അടിസ്ഥാനമാക്കി ഡിവൈഎസ്പി എസ്. അഷാദിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച സ്വർണം ബംഗളൂരു യെലഹങ്കയിൽ വിറ്റിരുന്നു. സ്വർണ്ണം വിറ്റ് കിട്ടിയ പണത്തിൽനിന്ന് ഒരു ലക്ഷം രൂപ ഇയാളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പണം ചെലവഴിക്കുകയും ചെയ്തിരുന്നു.

27 വയസ്സു മുതൽ വയസു മുതൽ മോഷണം തുടങ്ങിയ ഇയാൾക്കെതിരെ കൊല്ലം, പത്തനംതിട്ട ജില്ലകളിലായി ഒട്ടേറെ കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ വർഷം ജൂലൈ 23 നാണ് ഒടുവിൽ ജയിലിൽ നിന്നിറങ്ങിയത്. തുടർന്ന് പകൽ മീൻ കച്ചവടവും രാത്രി മോഷണവും നടത്തി വരികയായിരുന്നു. കൈകളിൽ ഗ്ലൗസിട്ട് മോഷണം നടത്തുന്നതിനാൽ വിരലടയാളം ലഭിച്ചിരുന്നില്ല.

കൊല്ലത്തെ ബന്ധുവീടുകൾ നിരീക്ഷണത്തിലാക്കിയ പൊലീസ് കഴിഞ്ഞ രാത്രി ഇയാൾ ഒരു ബന്ധുവീട്ടിലെത്തിയതോടെ വീടുവളയുകയായിരുന്നു. വീട്ടിൽനിന്നും ചാടി ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കൊല്ലം പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ വെള്ളിയാഴ്ച പുലർച്ചെയാണ് പിടികൂടിയത്.

ഇൻസ്പെക്ടർ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ എസ്.ഐ നിത്യ സത്യൻ, സി.പി.ഒമാരായ മനോജ്, അഖിലേഷ്, അവിനാശ്, ഉദയശങ്കർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Notorious thief Thenga Babu arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.