ആലപ്പുഴ: ഫോണിൽ മുപ്പതിലേറെ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരായ പരാതി ശനിയാഴ്ച പാർട്ടി ജില്ല സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും. വിഷയം അന്വേഷിക്കുന്ന രണ്ടംഗ കമീഷന്റെ റിപ്പോർട്ട് ശനിയാഴ്ച യോഗത്തിൽ വെക്കുമെന്നാണ് സൂചന.
ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി അംഗത്വത്തിൽനിന്ന് പുറത്താക്കുന്നത് ഉൾപ്പെടെ കർശന നടപടിക്കാണ് സാധ്യത. ജില്ല സെക്രട്ടേറിയറ്റ് നടപടി തീരുമാനിച്ചശേഷം അത് റിപ്പോർട്ട് ചെയ്യാൻ ഏരിയ കമ്മിറ്റി യോഗം വിളിക്കും. റിപ്പോർട്ട് ചർച്ചചെയ്ത് വേഗത്തിൽ നടപടിയെടുക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. അംഗത്തിനെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ് സൗത്ത് ഏരിയ കമ്മിറ്റി. വിഷയം പരിശോധിക്കുകയാണെന്നും അന്വേഷണ കമീഷൻ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ജില്ല സെക്രട്ടറി ആർ. നാസർ പറഞ്ഞു.
ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫോണിൽ നഗ്നദൃശ്യങ്ങൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് പാർട്ടി ബന്ധമുള്ള ഒരു യുവതിയാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നൽകിയത്. തുടർന്നാണ് ജില്ല സെക്രട്ടേറിയറ്റ് യോഗം ചേർന്ന് അന്വേഷണ കമീഷനെ നിയോഗിച്ചത്. അംഗത്വത്തിൽനിന്ന് ഉൾപ്പെടെ ഒഴിവാക്കുന്ന നടപടി വേണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര ഏരിയ കമ്മിറ്റി യോഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ പകർത്തി ഫോണിൽ സൂക്ഷിച്ച സംഭവം പുറത്തായതോടെ ഏരിയ കമ്മിറ്റിയിൽ ഇതുവരെ ഈ അംഗത്തെ അനുകൂലിച്ചിരുന്നവർ പോലും പരസ്യമായി എതിർക്കുകയായിരുന്നു.ആരോപണവിധേയനുവേണ്ടി വാദിക്കാൻ ഇതോടെ ആളില്ലാതായി. യോഗം ഒറ്റക്കെട്ടായാണ് നടപടി ആവശ്യപ്പെട്ടത്. കുളിമുറിയിൽ ഒളിഞ്ഞുനോക്കിയപ്പോൾ പാർട്ടിക്കാർ തന്നെ ഇയാളെ പിടികൂടി ‘കൈകാര്യം’ ചെയ്തെന്നും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തിയോ എന്ന് പരിശോധിച്ചപ്പോഴാണ് മുപ്പതിലേറെ സ്ത്രീകളുടെ വിഡിയോ കണ്ടെത്തിയതെന്നുമാണ് ആരോപണം.
സ്ത്രീകളുമായുള്ള വിഡിയോ കോളുകൾ റെക്കോഡ് ചെയ്ത് സൂക്ഷിച്ചതും ഇയാളുടെ ഫോണിൽ കണ്ടെത്തിയിരുന്നു. സ്ത്രീകളുടെ വിഡിയോ പകർത്തിയതുമായി ബന്ധപ്പെട്ട് ഒന്നരമാസം മുമ്പ് ഇയാൾക്കെതിരെ ഒന്നിലേറെ പരാതികൾ പാർട്ടിക്ക് മുന്നിൽ എത്തിയിരുന്നു. അന്ന് പാർട്ടിയിൽ ചർച്ചയായെങ്കിലും വിഭാഗീയതയുടെ പേരിൽ ഇയാളെ ചിലർ സംരക്ഷിച്ചതായി വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.