തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി വനംവകുപ്പ് തയാറാക്കിയ സെൻസസ് റിപ്പോർട്ട്. ഏപ്രിൽ 10 മുതൽ േമയ് 25 വരെ വയനാട്ടിലെ കാടുകളിൽ നടന്ന കടുവകളുടെ കണക്കെടുപ്പിലെയും േമയ് 17 മുതൽ 19 വരെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുമായി ചേർന്ന് നടത്തിയ കാട്ടാനകളുടെ കണക്കെടുപ്പിലുമാണ് എണ്ണം കുറഞ്ഞതായി കണ്ടെത്തിയതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഏപ്രിൽ 10 മുതൽ േമയ് 15 വരെ വയനാട്ടിൽ 297 സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ചാണ് കടുവകളുടെ കണക്കെടുത്തത്. 84 കടുവകളെയാണ് കണ്ടെത്തിയത്. 29 ആൺ കടുവകളെയും 47 പെൺകടുവകളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. 2018 ൽ നടത്തിയ കണക്കെടുപ്പിൽ 120 ആയിരുന്നു കടുവകളുടെ എണ്ണം. വയനാട്ടിൽ കർണാടക വനാതിർത്തി പങ്കിടുന്നതിനാൽ കണക്കിൽ മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു.
മെയിൽ ബ്ലോക്ക് കൗണ്ട് രീതിയിൽ നടത്തിയ കണക്കെടുപ്പിൽ 1,920 കാട്ടാനകളുണ്ടെന്നാണ് കണ്ടെത്തിയത്. എന്നാൽ ഡങ് കൗണ്ട് (ആനപ്പിണ്ഡത്തിന്റെ കണക്കെടുപ്പിൽ) രീതിയിലൂടെ 2,386 ആനകളെയും കണ്ടെത്തി. സംസ്ഥാനത്തെ ആനകളുടെ എണ്ണം 1920നും 2386നും ഇടയിലുള്ള സംഖ്യ ആയിരിക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. 2017ൽ കണക്കെടുത്തപ്പോൾ ബ്ലോക്ക് കൗണ്ട് രീതിയിൽ 3,322 ആനകളും ഡങ് കൗണ്ടിങ്ങിൽ 5,706 കാട്ടാനകളെയുമാണ് കണ്ടെത്തിയത്. സംസ്ഥാന അതിർത്തികൾ കടന്ന് ആനകൾ കർണാടകയിൽ എത്താനുള്ള സാധ്യത വനംവകുപ്പ് അധികൃതർ തള്ളിക്കളയുന്നില്ല.
സംസ്ഥാനത്ത് വനവിസ്തൃതി കുറഞ്ഞിട്ടില്ലെന്നും എന്നാൽ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നത് എണ്ണം വർധിച്ചതുകൊണ്ടാണെന്ന വാദം നിലവിലെ സെൻസസ് കണക്കുകൾ പ്രകാരം പൊരുത്തപ്പെടുന്നില്ല. മുട്ടിൽ മരംമുറിയിൽ അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുവെന്നും മന്ത്രി പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.