പാലക്കാട്: വിഷാംശമുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് അരളിപ്പൂവ് ക്ഷേത്രങ്ങളിൽനിന്ന് ഔട്ടായെങ്കിലും വീടുകളിലും ഉദ്യാനങ്ങളിലും റോഡരികുകളിലും ഇപ്പോഴും വ്യാപകം. അരളിയുടെ സസ്യഭാഗങ്ങളിലുള്ള ഒലിയാന്ഡ്രിന്, ഒലിയാന്‍ ഡ്രോജെനീന്‍ തുടങ്ങിയ രാസഘടകങ്ങൾ ശരീരത്തിലെത്തിയാൽ ജീവഹാനി വരെ സംഭവിച്ചേക്കാമെന്ന് പഠനങ്ങളിൽ വെളിപ്പെട്ടതോടെയാണ് ദേവസ്വങ്ങളും ക്ഷേത്ര കമ്മിറ്റികളും അരളിപ്പൂക്കൾ നിവേദ്യങ്ങളിൽനിന്നും പ്രസാദങ്ങളിൽനിന്നും ഒഴിവാക്കുന്നത്. നിലവിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിവേദ്യസമര്‍പ്പണം, അര്‍ച്ചന, പ്രസാദം തുടങ്ങിയവക്ക് അരളി ഉപയോഗിക്കില്ലെന്നാണ് തീരുമാനമെടുത്തിരിക്കുന്നത്. വിഷയം പരിഗണനക്ക് വന്നാൽ കൊച്ചിൻ ദേവസ്വം ബോർഡിലെ പ്രസാദങ്ങളിലും നിവേദ്യങ്ങളിലും അരളി ഒഴിവാക്കാൻ തീരുമാനിക്കുമെന്ന് പ്രസിഡന്റ് എം.കെ. സുദർശൻ പറഞ്ഞു.
അരളിപ്പൂവിലെ വിഷാംശം സംബന്ധിച്ച് ‘നാഷനൽ ലൈബ്രറി ഓഫ് മെഡിസി’നിൽ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച പഠനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടിയിരുന്നു. ജനുവരി 12ന് ‘മാധ്യമം’ ഈ വെളിപ്പെടുത്തൽ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്റെ മരണത്തിന് പിന്നാലെ അരളിപ്പൂവിലെ വിഷം വലിയ ചര്‍ച്ചയായി.
അരളിയുടെ ഇല -തണ്ട്- വേര് ഭാഗങ്ങളിലെ വിഷാംശം ശരീരത്തിനകത്ത് എത്തുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്കിടയാക്കും. ചെറിയ അളവിൽ രക്തത്തിലെത്തിയാൽ ഹൃദയസംബന്ധ പ്രശ്നങ്ങളും അളവ് കൂടിയാൽ മരണത്തിനും സാധ്യതയുണ്ട്. രക്തത്തിൽ ഒരു മില്ലി ലിറ്ററിൽ 1-2 നാനോ ഗ്രാം അരളി ഇലയിൽ നിന്നുള്ള ‘ഒലിയാൻഡ്രിൻ’ ശരീരത്തിലെത്തിയാൽ വിഷബാധയുണ്ടാകുമെന്നായിരുന്നു ‘നാഷനൽ ലൈബ്രറി ഓഫ് മെഡിസി’നിൽ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തിയത്. 9.8 നാനോ ഗ്രാം മുതൽ 10 നാനോ ഗ്രാം വരെ ശരീരത്തിലെത്തിയാൽ പേശികള്‍ കോച്ചിവലിക്കുകയും ഹൃദയമിടിപ്പിന്റെ താളം തെറ്റി രക്തയോട്ടം മന്ദീഭവിച്ച് മരണം വരെ സംഭവിക്കുകയും ചെയ്യും. മിതമായ അളവിൽ ആയുർവേദത്തിൽ ഔഷധമായും വേര് ഉപയോഗിക്കുന്നുണ്ട്. കുട്ടികൾക്ക് എത്താനാകാത്ത ഇടങ്ങളിൽ വേണം ചെടി നടാൻ. ഒരു ഇല മതി കുട്ടികളിൽ രോഗം പ്രകടമാക്കാന്‍. ഛര്‍ദി, വയറിളക്കം, അധിക ഉമീനിര്‍ ഉല്പാദനം ഇവയെല്ലാം ആദ്യ ലക്ഷണമാണ്.
വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ അരളിപ്പൂവ് എത്തുന്നത്. പൂജക്ക് മാത്രമല്ല, ഓണപ്പൂക്കളങ്ങളിലും ഉപയോഗിക്കുന്ന പ്രധാന ഇനമാണ് അരളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.