കൊച്ചി: വോട്ടെടുപ്പ് ദിവസം മണിപ്പൂരും ഭരണഘടനയും ഓർമിപ്പിച്ചും സൂചന നൽകിയും ക്രൈസ്തവ സഭ മേലധ്യക്ഷർ. മണിപ്പൂർ കലാപം വിശ്വാസികളിലുണ്ടാക്കിയ മുറിവ് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഈ പ്രതികരണങ്ങളിലൂടെയും വ്യക്തമായി. തെരഞ്ഞെടുപ്പിന് മുമ്പേതന്നെ ചർച്ചയായ വിഷയം വോട്ട് ചെയ്തശേഷവും സഭ മേധാവികളും ബിഷപ്പുമാരും ഓർമിപ്പിച്ചു.
ഇനിയും വോട്ട് ചെയ്യുന്നതിനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും ഭരണഘടന സംരക്ഷിക്കപ്പെടണമെന്നതിനാൽ സമ്മതിദാനാവകാശം ശരിയായ ദിശയിൽ വിനിയോഗിക്കണമെന്നും സഭ മേലധ്യക്ഷർ രാവിലെതന്നെ ആഹ്വാനംചെയ്തു.
കേന്ദ്രസർക്കാറിനെതിരെയാണ് ‘മണിപ്പൂർ’ തൊടുത്തുവിട്ടത്. ഇക്കാരണത്താൽ ബി.ജെ.പിയുടെ തന്ത്രത്തിൽ ക്രൈസ്തവർ വീണുപോകുമായിരുന്ന സാഹചര്യം ഏറക്കുറെ ഇല്ലാതായതായാണ് വിലയിരുത്തൽ. വോട്ടവകാശം കൃത്യമായി വിനിയോഗിക്കണമെന്ന ആഹ്വാനം മുമ്പെന്നത്തേക്കാളുപരി വിശ്വാസികൾക്ക് നൽകുന്നതിലും നേതൃത്വം ശ്രദ്ധിച്ചു.
സംഘ്പരിവാർ അനുകൂല തീവ്രക്രൈസ്തവ ഗ്രൂപ്പുകൾ ഒഴികെ ‘സഭാവിളിക്ക്’ ചെവികൊടുത്തതായാണ് കരുതുന്നത്. മണിപ്പൂരിന്റെ പേരിൽ ബി.ജെ.പിക്ക് എതിരാകുന്ന വോട്ടുകളിൽ മറ്റു മുന്നണികൾ പ്രതീക്ഷ വെക്കുമ്പോൾ സംസ്ഥാന ഭരണത്തിനെതിരായ വികാരം എൽ.ഡി.എഫിന് വെല്ലുവിളിയാണ്.
മണിപ്പൂർ ജനത ഇപ്പോഴും വേദന അനുഭവിക്കുന്നുണ്ടെന്നും അവരോടൊപ്പം നില്ക്കാന് ആഗ്രഹിക്കുന്നുവെന്നും പറഞ്ഞ തൃശൂര്‍ അതിരൂപത ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് അതിരാവിലെ ആദ്യ വെടി ഉതിർത്തത്. മണിപ്പൂർ വിഷയം കേരളത്തിലും പ്രതിഫലിക്കുമെന്ന് പറഞ്ഞ അദ്ദേഹം, ഒരുപാട് തവണ അവിടത്തെ വിഷയങ്ങൾ കേന്ദ്രസർക്കാറിനു മുന്നിൽ അവതരിപ്പിച്ചതാണെന്നും ഓർമപ്പെടുത്തി.
ജനാധിപത്യത്തിന്റെ ഏറ്റവും വലിയ അടയാളമാണ് സമ്മതിദാനാവകാശമെന്നും ഇന്നത്തെ വോട്ട് നാളത്തെ വോട്ടവകാശം നിലനിന്നുകിട്ടുന്നതിന് കൂടിയാണെന്നുമാണ് ലത്തീൻ അതിരൂപത ആർച്ബിഷപ് തോമസ് ജെ. നെറ്റോ പ്രതികരിച്ചത്. സമ്മതിദാനാവകാശം ജാഗ്രതയോടെ നിർവഹിക്കാൻ അദ്ദേഹവും ആഹ്വാനംചെയ്തു.
എല്ലാവർക്കും ഒരുപോലെ തുല്യതയും സുരക്ഷിതത്വവും കിട്ടുന്ന സ്ഥിതി നാട് ഭരിക്കുന്ന സർക്കാറിനുണ്ടാകണമെന്ന ബോധ്യത്തിൽ വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയായിരുന്നു സിറോ മലബാർസഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിലിൽനിന്നുണ്ടായത്. വോട്ടവകാശം വിനിയോഗിക്കേണ്ടത് ജനാധിപത്യം എന്നും നിലനിൽക്കുന്നതിന് അനിവാര്യമാണെന്നായിരുന്നു വരാപ്പുഴ അതിരൂപത ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.