തിരുവനന്തപുരം: അത്തം വെളുത്താൽ ഓണം കറുക്കുമെന്നാണ് പഴമൊഴി. അത് പതിരാകുന്ന കാലാവസ്ഥയാണിപ്പോൾ. ഉത്രാട ദിനത്തിൽ മഴ പെയ്തില്ലെന്നു മാത്രമല്ല, കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. സാധാരണയെക്കാൾ രണ്ടുമുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. തിങ്കളാഴ്ച കൊല്ലം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം ജില്ലയിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 34 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 33 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തി. ഉത്രാടപ്പാച്ചിലിനെ ചൂട് ബാധിച്ചതിനാൽ പകൽ നിരത്തുകളിലും മാർക്കറ്റുകളിലും തിരക്ക് കുറവായിരുന്നു. എന്നാൽ, വൈകീട്ട് ചൂട് കുറഞ്ഞ സമയത്ത് നല്ല തിരക്ക് അനുഭവപ്പെട്ടു.
താപനില വർധിക്കുമ്പോൾ കണിക്കൊന്നകൾ പൂവിടുന്നത് പതിവാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് സാധാരണ കണിക്കൊന്ന പൂവിടുക. എന്നാൽ, പലയിടത്തും ചിങ്ങത്തിലും കണിക്കൊന്ന പൂത്തു. മൺസൂൺ മഴ കനത്തുപെയ്യേണ്ട ആവണിമാസത്തിൽ കർണികാരം പൂത്തുനിൽക്കുന്നത് അപൂർവ കാഴ്ചയാണ്. അറബിക്കടലിൽ മഴമേഘങ്ങളുണ്ട്. കാറ്റ് അനുകൂലമായാൽ ഇവ മഴയായി തിരുവോണദിനത്തിലോ തൊട്ടടുത്ത ദിനങ്ങളിലോ പെയ്യാമെന്ന് കാലാവസ്ഥ നിരീക്ഷകർ വിലയിരുത്തുന്നു.
എന്നാൽ, പസഫിക്കിലെ ചുഴലി ശക്തി പ്രാപിക്കുകയും തെക്കൻ കേരളത്തിന്റെ പടിഞ്ഞാറുള്ള മഴമേഘങ്ങൾ വടക്കോട്ട് നീങ്ങുകയും വേണമെന്ന് കാലാവസ്ഥ നിരീക്ഷകൻ പോൾ സെബാസ്റ്റ്യൻ കുറിച്ചു. മധ്യകേരളത്തിന്റെ കിഴക്കൻ പ്രദേശങ്ങളിലും മഴമേഘങ്ങളുണ്ട്. വടക്കൻ കേരളത്തിൽ ഓണസമയത്ത് ചെറുമഴകൾ പെയ്യാമെങ്കിലും കാലവർഷം സജീവമാകാൻ സെപ്റ്റംബർ പത്ത് കഴിയണമെന്നാണ് ‘വെതർമാൻ കേരള’ ഫേസ് ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.