ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവം: ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ

തിരുവനന്തപുരം: ഓണസദ്യ മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ച സംഭവത്തിൽ നടപടിക്കിരയായ ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സി.പി.എം, സി.ഐ.ടി.യു ജില്ല നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചത്. ജോലി നേരത്തെ തീർത്തിട്ടും ഓണാഘോഷത്തിന് തൊട്ടുമുമ്പ് അറവുമാലിന്യം പെറുക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇവരോട് ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം അര​ങ്ങേറിയത്.

തുടർന്ന് ഏഴ് സ്ഥിരം ജീവനക്കാരെ സസ്‌പെൻഡ് ചെയ്യുകയും നാല് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. ഇവർക്കെതിരായ നടപടിക്ക് പിന്നാലെ രൂക്ഷ വിമർശനമുയർന്നു. സമൂഹ മാധ്യമങ്ങളിലെ പ്രതിഷേധത്തിനൊപ്പം പാർട്ടിയിലെ ഒരു വിഭാഗം തന്നെ നടപടിക്കെതിരെ രംഗത്തെത്തി. വസ്തുത അറിയാതെയാണ് മേയറുടെ ഏകപക്ഷീയമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് നിരവധി പരാതികളാണ് കിട്ടിയത്. മറ്റുള്ളവർക്കൊപ്പം ആഘോഷത്തിൽ പ​​ങ്കെടുപ്പിക്കാതെ ജോലിക്കയക്കുകയും മടങ്ങിയെത്തിയപ്പോൾ ഔദാര്യം പോലെ ഭക്ഷണം നൽകിയപ്പോഴുണ്ടായ വികാരത്തിൽ അത് ഉപേക്ഷിക്കുകയും ചെയ്തവർക്കെതിരായ കടുത്ത നടപടി ഇടതുപക്ഷ മേയർക്ക് ചേർന്നതല്ലെന്നും വിമർശനമുയർന്നു.

പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടുന്നത് സി.പി.എം നയമല്ലെന്ന് പാർട്ടി സെക്രട്ടറി എം.വി ​ഗോവിന്ദൻ പ്രതികരിച്ചിരുന്നു. എന്നാൽ, എന്തിന്‍റെ പേരിലായാലും ഭക്ഷണം വലിച്ചറിഞ്ഞത് അവിവേകമാണെന്നായിരുന്നു സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രതികരണം. തൊഴിലാളികളെ പിരിച്ചുവിട്ട നടപടിക്കെതിരെ സി.ഐ.ടി.യു രം​ഗത്തെത്തുകയും നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകുകയും ചെയ്തു. നടപടി പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോർപറേഷൻ ഓഫിസിന് മുന്നിൽ പ്രതിഷേധിക്കുമെന്ന് ശുചീകരണ തൊഴിലാളികളും മുന്നറിയിപ്പ് നൽകിയിരുന്നു.

ഓടയിലേക്ക് ഭക്ഷണം കളഞ്ഞ കുറ്റത്തിന് ജോലി നഷ്ടമായ സന്തോഷ് എഴുതിയ കുറിപ്പ് ഏറെ ചർച്ചയായിരുന്നു. ''ഭക്ഷണം വലിച്ചെറിഞ്ഞ അഹങ്കാരിക്കൂട്ടങ്ങളായി ഞങ്ങളെ കാണുന്നവരോട് എന്ത് പറയാനാണ്? അവർക്ക് അറിയില്ലല്ലോ ഞങ്ങളുടെ ദുരിതം. രാവിലെ അഞ്ച് മണിക്കും ഏഴ് മണിക്കുമാണ് ഞങ്ങൾ ജോലിക്ക് വരുന്നത്. രണ്ട് ദിവസം മുമ്പ് തന്നെ ഞങ്ങൾ ഓണപരിപ്പാടിക്കായി അനുമതി വാങ്ങിയിരുന്നു. അത്യാവശ്യമുള്ള ജോലികളെല്ലാം തീർത്ത് പരിപാടി തുടങ്ങാനും പറഞ്ഞിരുന്നു. ഇതുപ്രകാരം രാവിലെ നാലുമണിക്ക് തന്നെ ഞങ്ങൾ ഡ്യൂട്ടിക്ക് കയറി. വേഗം തീർത്ത് വരാമല്ലോ എന്നായിരുന്നു ചിന്ത. വാർഡിലെല്ലാം പോയി മാലിന്യമെല്ലാം നീക്കിയിരുന്നു. അത്യാവശ്യം ചെയ്യേണ്ട പണികളൊന്നും ഞങ്ങൾ മുടക്കിയിരുന്നില്ല. ഇതെല്ലാം കഴിഞ്ഞ് ഓഫിസിൽ ഏഴ് മണിക്ക് എത്തിയപ്പോഴാണ് ടിപ്പറിൽ പോയി ഓടയിലെ മാലിന്യം നീക്കണമെന്ന പറയുന്നത്. പിറ്റേന്ന് ഞായറാഴ്ചയാണെന്നും അന്ന് ഞങ്ങൾ ആ പണി ചെയ്തോളാമെന്നും സാറിനോട് കഴിവതും പറഞ്ഞു നോക്കിയിരുന്നു. പോണമെന്നായിരുന്നു നിർബന്ധം. നിവൃത്തിയില്ലാതെ ഞങ്ങൾക്ക് ടിപ്പറിൽ പോവേണ്ടി വന്നു. തലേ ദിവസം മഴ പെയ്തതിനാൽ വെള്ളത്തിൽ കുതിർന്ന നിലയിലായിരുന്നു കോഴി വേസ്റ്റടക്കം. ഞങ്ങൾ ആ അഴുക്ക് വെള്ളത്തിൽ ആകെ കുതിർന്ന് പോയി. ഓഫിസിൽ എത്തിയപ്പോഴേക്ക് ഞങ്ങൾ നാറിപ്പോയിരുന്നു. ഡ്രസ് മാറ്റി കുളിച്ച് വരാനുള്ള സൗകര്യമൊന്നും ഓഫിസിൽ ഇല്ല. വേണമെങ്കിൽ കൈയും കാലും കഴുകാം അത്ര മാത്രം. പക്ഷേ അഴുക്കിൽ പൊതിഞ്ഞ് നിൽക്കുന്ന ഞങ്ങളെങ്ങനെയാണ് ഈ ഭക്ഷണം കഴിക്കുക, ഞങ്ങൾ ഇത് പുറത്ത് ആർക്കെങ്കിലും കൊടുത്താൽ വാങ്ങിക്കുമോ. വേറെ നിവൃത്തിയില്ലാതെയാണ് ഞങ്ങൾ ഭക്ഷണം ബിന്നിൽ ഉപേക്ഷിച്ചത്. വഴിയിൽ തള്ളാതെ വേണ്ട വിധം സംസ്കരിക്കുകയാണ് ഞങ്ങൾ ചെയ്തത്. ചങ്ക് പിടച്ചിട്ടാ ഞങ്ങൾ മുദ്രാവാക്യം വിളിച്ചത്. അതെങ്കിലും ഞങ്ങൾ ചെയ്യേണ്ട. ഞങ്ങളൊക്കെ പാവങ്ങളാണ്. പിടിത്തം കഴിഞ്ഞ് കിട്ടുന്ന പൈസ കൊണ്ട് അരിഷ്ടിച്ചാണ് ജീവിതം. അതിൽനിന്ന് ഒരു വിഹിതം എടുത്താണ് ഒരു നേരത്തെ സദ്യ കഴിക്കാൻ നിന്നത്. ഇപ്പോൾ ഞങ്ങൾ അഹങ്കാരികൾ. ഞങ്ങളുടെ ചങ്ക് കത്തുന്നത് ആർക്കും കാണണ്ടല്ലേ. ഓട കോരുന്നവന് ആത്മാഭിമാനം പാടില്ലെന്നുണ്ടോ'' എന്നിങ്ങനെയായിരുന്നു കുറിപ്പ്.

Tags:    
News Summary - Onasadya leaving protest: agreement to take back the sanitation workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.