ഐപാഡ് വാങ്ങാനെന്ന വ്യാജേന പ്രവാസിയെ സമീപിച്ച് 20 ലക്ഷം തട്ടിയ നൈജീരിയക്കാരൻ പിടിയിൽ

കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയിൽനിന്ന് ഓൺലൈനായി 20 ലക്ഷം രൂപ തട്ടി​യ കേസിൽ നൈജീരിയക്കാരൻ അറസ്റ്റിൽ. ഇമ്മാനുവൽ ജയിംസ് ലെഗ്ബതിയെയാണ് ബംഗളൂരുവിൽനിന്ന് കോഴിക്കോട് ക്രൈം പൊലീസ് അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ വിദ്യാരണ്യപുര പൊലീസ് സ്റ്റേഷൻ പരിധിയിൽ വ്യാജ വിലാസത്തിൽ താമസിച്ചുവരുകയായിരുന്നു ഇയാൾ. തട്ടിപ്പിനുപയോഗിച്ച സിം കാർഡ്, മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവ പ്രതിയിൽനിന്ന് കണ്ടെടുത്തു. കേസിലെ മറ്റൊരു പ്രതിയായ നൈജീരിയക്കാരൻ ഡാനിയൽ ഒയ്‍വാലേ ഒലയിങ്കയെ സെപ്റ്റംബർ ​17ന് ബംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തിരുന്നു.

ഒ.എൽ.എക്സ് സൈറ്റിൽ വിൽപനക്കുവെച്ച ആപ്പിൾ ഐപാഡ് 65,000 രൂപക്ക് വാങ്ങാനെന്ന വ്യാജേനയാണ് പ്രതി നല്ലളം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ചത്. അമേരിക്കയിലെ വെൽ ഫാർഗോ ബാങ്കിന്റെതെന്നു ​തെറ്റിദ്ധരിപ്പിക്കുന്ന ഡൊമെയ്ൻ നിർമിച്ച് പണം അയച്ചതിന്റെ വ്യാജ രസീത് ഇ-മെയിലിൽ അയക്കുകയും വ്യാജ നമ്പറുകളിലുള്ള വാട്സ്ആപ് അക്കൗണ്ടുവഴിയും ആർ.ബി.ഐ ഉദ്യോഗസ്ഥരുടെ പേരിൽ വ്യാജ ​ഇ-മെയിലുകൾ അയച്ചുമായിരുന്നു തട്ടിപ്പ്. വൻതുക ലഭിക്കാനുള്ള അക്കൗണ്ടിന്റെ പ്രോസസിങ് ഫീസ്, അക്കൗണ്ട് ആക്ടിവേഷൻ പ്രോസസിങ് ചാർജ് എന്നിങ്ങനെ പറഞ്ഞ് 20 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു.

ഫെബ്രുവരിയിലും മാർച്ചിലുമായാണ് പലതവണകളായി പണം തട്ടിയത്. പ്രതി സ്പൂഫ് ചെയ്ത ഇ-മെയിൽ വിലാസമാണ് ഉപയോഗിച്ചിരുന്നത്. പ്രതികൾ ആറുവർഷത്തോളമായി അനധികൃതമായി ഇന്ത്യയിൽ കഴിഞ്ഞുവരുകയായിരുന്നു. സൈബർ ക്രൈം പൊലീസ് ഇൻസ്‍പെക്ടർ ദിനേശ് കോറോത്തും സംഘവും നിരവധി ഫോൺ കോൾ രേഖകൾ പരിശോധിച്ചും ​ഒട്ടേറെ മൊബൈൽ ഫോണുകളും മറ്റു ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകളും സമൂഹ മാധ്യമ അക്കൗണ്ടുകളും നിരീക്ഷിച്ചും നിരവധി മേൽവിലാസങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സൈബർ ക്രൈം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിതേഷ്, രാജേഷ്, ഫെബിൻ, സിവിൽ പൊലീസ് ഓഫിസർമാരായ അർജുൻ രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു​ചെയ്തത്.

Tags:    
News Summary - One Nigerian Citizen arrested in cheating case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.