കൊച്ചി: എട്ടുപേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിന് ഇന്ന് ഒരാണ്ട് തികയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ 29നായിരുന്നു കളമശ്ശേരി സമ്ര കൺവെൻഷൻ സെന്‍ററില്‍ യഹോവ സാക്ഷി പ്രസ്ഥാനത്തിന്റെ പ്രാർഥനക്കിടെ തമ്മനം സ്വദേശി ഡൊമനിക് മാർട്ടിൻ ബോംബ് സ്ഫോടനം നടത്തിയത്. കൊച്ചി ഡി.സി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും സർക്കാരിൽനിന്ന് അനുമതി ലഭിക്കാത്തതിനെ തുടർന്ന് യു.എ.പി.എ വകുപ്പുകൾ ഒഴിവാക്കി.
യഹോവ സാക്ഷി പ്രസ്ഥാനത്തോടുള്ള എതിർപ്പാണ് സ്‌ഫോടനം നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പറഞ്ഞിരുന്നു. പ്രാർഥനക്കിടെയാണ് സ്ഫോടനം നടന്നത്. താനാണ് സ്‌ഫോടനം നടത്തിയതെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം പ്രതി ഡൊമനിക് മാർട്ടിൻ രംഗത്തെത്തുകയായിരുന്നു. സംഭവത്തിൽ മറ്റാർക്കും ബന്ധമില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ആക്രമണത്തിനിടെ ഗുരുതര പരിക്കേറ്റവര്‍ അടക്കം 294 സാക്ഷികളാണ് കേസിലുള്ളത്.
2500ഓളം പേര് സമ്മേളനസ്ഥലത്തുണ്ടായിരിക്കെയാണ് പ്രതി മുന്‍കൂട്ടി ആസൂത്രണം ചെയ്തത് പ്രകാരം സ്ഫോടനം നടത്തിയത്. സംഭവദിവസം രണ്ട് പേരും തുടര്‍ന്നുള്ള ദിവസങ്ങളിൽ ആറുപേരും മരിച്ചു. ഇടുക്കി കാളിയാര്‍ സ്വദേശിനി കുമാരി പുഷ്പന്, മലയാറ്റൂര്‍ സ്വദേശി പ്രവീണ്‍, സഹോദരി ലിബിന, മാതാവ് സാലി പ്രദീപ്, കളമശ്ശേരി സ്വദേശിനി മോളി ജോയ്, പെരുമ്പാവൂര്‍ സ്വദേശിനി ലിയോണ പൗലോസ്, തൊടുപുഴ കോടിക്കുളം സ്വദേശി ജോണ്‍, ഭാര്യ ലില്ലി ജോണ്‍ എന്നിവരാണ് മരിച്ചത്.
ഈ ഭീകരാക്രമണത്തിന് ഒരു കൊല്ലം ആവുന്ന വേളയിൽ ആവർത്തിച്ച് ഓർമ്മിക്കേണ്ട ചിലതുണ്ടെന്ന് പറയുകയാണ് സാമൂഹിക പ്രവർത്തകനും ആക്ടിവിസ്റ്റുമായ സുദേഷ് എം. രഘു. അദ്ദേഹത്തിന്റെ കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ:
1. ബ്രെയ്ക്കിങ് ന്യൂസ് വരുന്നതു മുതൽ ഡൊമിനിക് മാർട്ടിന്റെ കൺഫെഷൻ വിഡിയോ വരുന്നതിനിടയിലുള്ള ചില്ലറ മണിക്കൂറുകൾ കൊണ്ട് മലയാളി മീഡിയകളുടെ കമന്റ് ബോക്സിൽ നിങ്ങൾ കണ്ട കമന്റുകൾ എന്താണോ - അതാണു് കേരളത്തിന്റെ പൊതു മനസ്സ്.
2. ഒരു പർട്ടിക്കുലർ വിഭാഗത്തിൽ ജനിച്ച സകല മനുഷ്യരെയും അടിച്ചൊതുക്കാൻ ഒരു ഫോൾസ് ഫ്ലാഗിനെ മുൻ നിറുത്തി കഴിയും; പരിപൂർണ "ജനപിന്തുണ" ഉണ്ടാവും. കേരളം അപാരമായ ഫോൾസ് ഫ്ലാഗ് സാധ്യതയുള്ള സ്ഥലമാണ്. അത്യുക്തിയോ പെസിമിസമോ പറയുകയല്ല; ഒരു ഗോധ്ര - ഗുജറാത്ത് ഒക്കെ പുഷ്പം പോലെ കേരളത്തിൽ നടക്കും എന്നതു ബോധ്യപ്പെടുത്തിയ ദിവസം കൂടി ആയിരുന്നു അത്..
3.ആയിരക്കണക്കിനു മുസ്ലീങ്ങൾ ജയിലും കോടതിയുമായി നരകിച്ചു തീരാതെ ഇരുന്നത് ഡോമിനിക് കൺഫെസ് ചെയ്തതു കൊണ്ടു മാത്രമാണ്. അല്ലാതെ, അടിമുടി ബയാസ്ഡ് ആയ, എത്തിക്സ്ന്റെ കണിക പോലും ഇല്ലാത്ത സിസ്റ്റം, കുറ്റവാളിയെ അന്വേഷിച്ചു കണ്ടു പിടിക്കാനൊന്നും പോകുന്നില്ല.. (ആ ചില്ലറ മണിക്കൂറുകൾക്കുള്ളിൽത്തന്നെ പൊലീസ് ചില മുസ്ലീങ്ങളെ പിടിച്ചു ജയിലിൽ ഇട്ടു എന്നതു മറക്കരുത് )
4. പ്രതിയുടെ വീട്ടുകാരെയോ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കോടതി / സ്റ്റേഷൻ കയറ്റി ഇറക്കാതെ, കേസിൽ കുടുക്കാതെ, ദ്രോഹിക്കാതെ ഇരിക്കാൻ പൊലീസ് കാണിച്ച ശുഷ്കാന്തി അപാരമാണ്. ആ സമുദായക്കാരോടു വെറുപ്പുള്ള ആൾക്കാർ പൊലീസിൽ പൊതുവെ ഇല്ലാത്തതു കൊണ്ടാണത്.
5.പ്രധാനപ്പെട്ട പോയന്റ് : ഡൊമിനിക് മാർട്ടിന്റെ പ്രവൃത്തിയെ "മത" ഭീകരത ആയിട്ടോ അയാൾക്ക് മതഭ്രാന്ത് മൂത്തു ചെയ്തതായിട്ടോ കാണുന്നതു വികലമാണ്. അയാളുടെ കൺഫെഷൻ വീഡിയോ ഒന്നു വിശദമായി കണ്ടു നോക്കൂ.
യഹോവയുടെ സാക്ഷികളുടെ അമിതമായ ക്രിസ്തു മതപരത ആണ് അയാളെ ചൊടിപ്പിച്ചത്. അയാൾ പറഞ്ഞ രണ്ടു പോയിന്റ്റുകൾ ഞാൻ എടുത്തെഴുതാം :
a: എല്ലാ രാഷ്ട്രീയക്കാർക്കും മതങ്ങളെ പേടി ആണ്. അതു കൊണ്ടാണ് ഞാൻ തന്നെ ഇതു ചെയ്യുന്നത് (മതപ്പുറത്തു യാത്ര ചെയ്യുന്ന രാഷ്ട്രീയക്കാരൻ പുലി പുറത്താണെന്നു പ്രസംഗിക്കുന്ന ആ പ്രഫസറെ ഓർമ വരുന്നു )
b: രാജ്യ സ്നേഹം ഇല്ലാത്തവരെ കൊല്ലണം.
ഈ രണ്ടു പോയിന്റും നിരന്തരം പറയുന്നത് ആരൊക്കെയാണെന്നറിയാൻ സാമാന്യ സോഷ്യൽ മീഡിയ ജീവിതം മതി. വികലമായ സാമൂഹിക ബോധവും ദേശഭക്ത സങ്കൽപ്പങ്ങളുമൊക്കെയാണ് അയാളെക്കൊണ്ട് ഇതു ചെയ്യിപ്പിച്ചത്. "രാജ്യസ്നേഹം ഇല്ലാത്ത ഇവറ്റകളെ ഞാൻ പാഠം പഠിപ്പിച്ചു " എന്ന ചാരിതാർഥ്യമാണ് അയാളുടെ വീഡിയോയിൽ ഉള്ളത്..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.