കൊച്ചി: എത്ര വലിയ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിനും അപ്പുറം നീതിയെന്നൊരു സത്യമുണ്ടെന്ന് രാജ്യത്തോട് ഉറക്കെപ്പറഞ്ഞ ദിവസങ്ങളായിരുന്നു 2020 ജനുവരി 11ഉം 12ഉം. മരടിൽ തീരദേശനിയമം ലംഘിച്ച് നിർമിച്ച നാല് കൂറ്റൻ ഫ്ലാറ്റ് സമുച്ചയങ്ങൾ മരിച്ചുമണ്ണായ ദിനങ്ങൾ.
ഇന്നലെയെന്നപോൽ നടന്ന, രാജ്യം മുഴുവൻ കണ്ണുനട്ടിരുന്ന ആ ഫ്ലാറ്റ് പൊളിക്കലുകൾക്ക് ഇന്നേക്ക് ഒരുവർഷം പൂർത്തിയാവുകയാണ്. രാജ്യത്തെ ഏറ്റവും വലിയ നിയന്ത്രിത സ്ഫോടന പരമ്പരകൾക്കാണ് അന്ന് കൊച്ചി നഗരം സാക്ഷ്യംവഹിച്ചത്.
മരടിലെ കായലുകളോട് അഭിമുഖമായി പ്രൗഢിയോടെ തലയുയർത്തി നിന്ന കൂറ്റൻ കെട്ടിട സമുച്ചയങ്ങളുടെ സ്ഥാനത്ത് നിലവിൽ കുറച്ച് മണ്ണും കല്ലും കമ്പിക്കഷണങ്ങളും അങ്ങിങ്ങ് വളർന്ന പുൽനാമ്പുകളും മാത്രമുണ്ട്.
കുണ്ടന്നൂർ ഹോളിഫെയ്ത്ത് എച്ച്ടുഒ, നെട്ടൂർ ആൽഫ ട്വിൻ ടവർ, നെട്ടൂർ ജയിൻ കോറൽകോവ്, കണ്ണാടിക്കാട് ഗോൾഡൻ കായലോരം എന്നിവയാണ് നിമിഷങ്ങൾ മാത്രം നീണ്ട നിയന്ത്രിത സ്ഫോടനത്തിലൂടെ നിലംപരിശായത്. ഹോളിഫെയ്ത്ത്, ആൽഫ എന്നിവ 2020 ജനുവരി 11നും കായലോരം, ജയിൻ എന്നിവ 12നും ഓർമയായി.
ഒന്നര പതിറ്റാണ്ടുമുമ്പ് അന്നത്തെ മരട് പഞ്ചായത്ത് ഭരണസമിതി നൽകിയ നിർമാണാനുമതി മുതൽ കഴിഞ്ഞവർഷം നടന്ന പൊളിക്കൽ വരെയായിരുന്നു ആ ഫ്ലാറ്റുകളുെട ജീവനും ആയുസ്സും നിലനിന്നത്.
11ന് രാവിലെ 11.17ന് നടന്ന ആദ്യ നിയന്ത്രിത സ്ഫോടനത്തിലാണ് കുണ്ടന്നൂർ-തേവര മേൽപാലത്തിനുസമീപത്തെ ഹോളിഫെയ്ത്ത് എച്ച്ടുഒ എന്ന 19 നിലയുള്ള ആദ്യ ഫ്ലാറ്റ് നിലംപതിച്ചത്-ഏഴ് സെക്കൻഡായിരുന്നു എടുത്തത്. 11.42ന് കായലിന് എതിർവശെത്ത ആൽഫ സെറീെൻറ ബി ടവറും (12നില) ഒരുമിനിറ്റ് വ്യത്യാസത്തിൽ 11.43ന് എ ടവറും (17 നില) തകർന്നുതരിപ്പണമായി.
ബി ടവറിന് ഏഴ് സെക്കൻഡെടുത്തപ്പോൾ ആൽഫ എ ആറ് സെക്കൻഡിനകം നാമാവശേഷമായി. താരതമ്യേന നിശ്ശബ്ദവും നിയന്ത്രിതവുമായ സ്ഫോടനമാണ് എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡെമോളിഷൻ കമ്പനികൾ ചേർന്ന് നടത്തിയ ഹോളിഫെയ്ത്ത് പൊളിക്കലിലുണ്ടായത്. എന്നാൽ, ആൽഫ ടവറുകളുടെ സ്ഫോടനവേളയിൽ ഉയർന്ന ശബ്ദത്തിനൊപ്പം ചുറ്റുപാടിലും വലിയതോതിൽ പ്രകമ്പനവും അനുഭവപ്പെട്ടു.
12ന് രാവിലെ 11.01ന് നിയന്ത്രിത സ്ഫോടനത്തിലൂടെ 17 നിലയുള്ള ജയിൻ വീണു, ഉച്ചക്ക് 2.28ന് 16 നിലയുള്ള കായലോരത്തിെൻറ ആയുസ്സുമൊടുങ്ങി. ഇവ രണ്ടും പൊളിച്ചത് എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡെമോളിഷൻ കമ്പനികൾതന്നെ.
2019 േമയ് എട്ടിനാണ് നാല് ഫ്ലാറ്റ് പൊളിക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിട്ടത്. ഇതിനുപിന്നാലെ ഫ്ലാറ്റുടമകളുടെയും നിർമാതാക്കളുടെയും പരിസരവാസികളുടെയും മറ്റും കടുത്ത എതിർപ്പും പ്രതിഷേധവും ഉയർന്നു.
അവസാന നാൾ വരെ ഉയർന്ന പ്രതിഷേധം തരണം ചെയ്താണ് ജില്ല ഭരണകൂടവും സർക്കാർ നിയോഗിച്ച സാങ്കേതികസമിതിയും പൊളിക്കൽ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ചട്ടം ലംഘിച്ച് നടന്ന നിർമാണങ്ങൾക്കെതിരെയുള്ള ക്രൈംബ്രാഞ്ച്, വിജിലൻസ് കേസുകൾ ഇന്നും നടക്കുന്നുണ്ട്.
ഹോളിഫെയ്ത്തിെൻറ പൊളിക്കൽ അവശിഷ്ടങ്ങൾ ആറുനിലയോളം ഉണ്ടായിരുന്നു, ആൽഫയുടേത് അഞ്ചുനിലയും. കായലോരത്തിന് മൂന്നുനിലയാണെങ്കിൽ ജയിൻ ബാക്കിയാക്കിയത് നാലുനില കൂമ്പാരമാണ്.
ടൺകണക്കിന് മാലിന്യമാണ് അന്ന് ഫ്ലാറ്റുകൾ നിന്ന സ്ഥാനത്ത് കുന്നുകൂടിയത്. ഇവ മാസങ്ങളെടുത്തു ഇവിടെനിന്ന് നീക്കം ചെയ്യാൻ. ആൽഫ പൊളിച്ച വിജയ സ്റ്റീൽസുതന്നെ അവിടുത്തെ മാലിന്യം കൊണ്ടുപോയപ്പോൾ ആലുവ ആസ്ഥാനമായുള്ള പ്രോംപ്റ്റ് എൻറർപ്രൈസസാണ് മറ്റിടങ്ങളിലെ മാലിന്യം കരാറെടുത്ത് നീക്കം ചെയ്തത്.
കെട്ടിടങ്ങളുടെ 60 ശതമാനത്തിലധികം അവശിഷ്ടങ്ങളും ഇതിനകം പുനരുപയോഗിച്ച് കഴിഞ്ഞു. ഇഷ്ടിക കലര്‍ന്ന കോണ്‍ക്രീറ്റായതിനാല്‍ ആല്‍ഫയുടെയും കായലോരത്തിെൻറയും അവശിഷ്ടങ്ങള്‍ കെട്ടിടങ്ങളുടെ തറ നിറക്കാനും റോഡ് നിര്‍മാണത്തിനുമാണ് പ്രയോജനപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.