cyber scam 98987

'ഉടൻ 96 ലക്ഷം രൂപ അയക്കണം', കൊച്ചിയിലെ കമ്പനി മാനേജർക്ക് 'എം.ഡി'യുടെ മെസ്സേജ്; തട്ടിപ്പ് തിരിച്ചറിഞ്ഞത് പണം അയച്ച ശേഷം, 24 മണിക്കൂറിനകം പ്രതികൾ​ പിടിയിൽ

കാക്കനാട്: എറണാകുളത്തെ പ്രത്യേക സാമ്പത്തിക മേഖലയിൽ (സെസ്) പ്രവർത്തിക്കുന്ന സ്വകാര്യ ഗ്ലൗസ് കമ്പനി മാനേജരെ വ്യാജ വാട്സ്​ആപ് സന്ദേശം വഴി കബളിപ്പിച്ച് 96 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഡൽഹി സ്വദേശികളായ രണ്ടുപേരെ തൃക്കാക്കര പൊലീസ് അറസ്റ്റ്​ ചെയ്തു. ഡൽഹി മീറത്ത്​ സ്വദേശി മുഹമ്മദ് ഹസീൻ (34), ഡൽഹി ഈസ്റ്റ് ജോഹരിപൂർ സ്വദേശി മുറാറിലാൽ (52) എന്നിവരാണ്​ പിടിയിലായത്.

ഈ മാസം ഏഴിനാണ് സംഭവം. കമ്പനിയുടെ മാനേജിങ്​ ഡയറക്ടർ എന്ന വ്യാജേന കമ്പനി മാനേജർക്ക് നിലവിലെ ഫോൺ നമ്പറിന് നെറ്റ് വർക്ക് തകരാറാണെന്ന വാട്‌സ്ആപ് സന്ദേശം അയക്കുകയാണ്​ ആദ്യം ചെയ്തത്​. തുടർന്ന്​, മാനേജിങ് ഡയറക്ടറുടെ പുതിയ നമ്പറായി തട്ടിപ്പിനുപയോഗിച്ച നമ്പർ സേവ് ചെയ്യണമെന്ന് നിർദേശവും നൽകി. ഫോൺ നമ്പർ മാനേജിങ് ഡയറക്ടറുടേതെന്ന് കരുതി മാനേജർ സേവ് ചെയ്തു. പിറ്റേദിവസം വ്യാജ എം.ഡിയുടെ വാട്സ്ആപ് സന്ദേശവും വന്നു. കമ്പനിയുടെ അക്കൗണ്ടിലെ ബാലൻസും മറ്റും ചോദിച്ചായിരുന്നു സന്ദേശം. എം.ഡിയെന്ന തെറ്റിദ്ധാരണയിൽ അക്കൗണ്ട് ബാലൻസ് അടക്കം കാര്യങ്ങൾ മാനേജർ പങ്കുവെച്ചു. തുടർന്ന് കമ്പനിയുടെ പുതിയ പ്രോജക്ടിന്​ അഡ്വാൻസ് കൊടുക്കാനായി 96 ലക്ഷം ഹസീൻ ഹാൻഡ്​ലൂം എന്ന പേരിൽ ഐ.ഡി.എഫ്.സി മീറത്ത്​ പല്ലവ്പുരം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. തുടർന്ന് മാനേജർ 96 ലക്ഷം രൂപ ആർ.ടി ജി.എസ് വഴി ട്രാൻസ്ഫർ ചെയ്ത്​ നൽകുകയായിരുന്നു.

പരാതി ലഭിച്ച്​ 24 മണിക്കൂറിനുള്ളിൽ പ്രതികളെ വലയിലാക്കാൻ അന്വേഷണസംഘത്തിന്​ കഴിഞ്ഞു. തൃക്കാക്കര പൊലീസ് ഇൻസ്പെക്ടർ എ.കെ. സുധീർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിനാജ്, നിധിൻ കെ. ജോൺ എന്നിവരാണ് പ്രതികളെ ഡൽഹിയിൽനിന്ന്​ പിടികൂടിയത്. ഡൽഹി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ചൊവ്വാഴ്ച കൊച്ചിയിൽ എത്തിക്കും. കോഴിക്കോട് കള്ളപ്പണം വെളുപ്പിക്കുന്ന പ്രതികളിൽ ഒരാളും ഈ തട്ടിപ്പിൽ പിടിയിലായതായി സൂചനയുണ്ട്.

Tags:    
News Summary - online fraud of 96 lakh rupees culprits get arrested within 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.