ആലുവ: ‘വെറൈറ്റി ഫുഡിന്’ ഓൺലൈനായി റേറ്റിങ് ഇട്ടാൽ വൻ തുക പ്രതിഫലം നൽകുമെന്ന വാഗ്ദാനത്തിൽ വീണ ടുകയായിരുന്നു വീട്ടമ്മക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 17 ലക്ഷം രൂപ. ഇതുമായി ബന്ധപ്പെട്ട കേസിൽ നാല് യുവാക്കൾ പിടിയിൽ. കോഴിക്കോട് പെരുവയൽ പുലപ്പറമ്പിൽ മുഹമ്മദ് മിൻഹാജ് (22), പെരുവയൽ പന്തീരാങ്കാവ് കുഴിപ്പള്ളി മിത്തൽ ഷിഫാദലി (27), 20കാരായ രണ്ടുപേരെയുമാണ് റൂറൽ ജില്ല സൈബർ പൊലീസ് സ്റ്റേഷൻ ടീം അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഒാൺലൈൻ ടാസ്കിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് എടത്തല സ്വദേശിനി വീട്ടമ്മയെ ഇവർ കബളിപ്പിച്ചത്.
വീട്ടമ്മ ഒരു സൈറ്റിൽ പ്രവേശിച്ച് അതിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യം ചെയ്തത്. ‘വെറൈറ്റി ഫുഡിന്’ റേറ്റിങ് ഇടുകയായിരുന്നു ജോലി. ഇതിലൂടെ കുറച്ച് പണം ലഭിക്കുകയും ചെയ്തു. വീട്ടമ്മക്ക് കമ്പനിയിൽ വിശ്വാസം ജനിപ്പിക്കാനാണ് തട്ടിപ്പുസംഘം പ്രതിഫലമെന്ന പേരിൽ ചെറിയ തുകകൾ നൽകിയത്. ഉടൻ അടുത്ത ഓഫർ വന്നു. കുറച്ച് തുക ഇൻവെസ്റ്റ് ചെയ്താൽ വൻതുക ലാഭം കിട്ടും. മൂന്നുലക്ഷം, അഞ്ചുലക്ഷം, രണ്ടുലക്ഷം എന്നിങ്ങനെ ഘട്ടം ഘട്ടമായി തുക നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ അതിനും ചെറിയ തുക തിരികെക്കൊടുത്തു. അങ്ങനെ പല ഘട്ടങ്ങളിലായി 17 ലക്ഷം രൂപ നിക്ഷേപിച്ചു.
സംഘം പറഞ്ഞ ഒമ്പത് അക്കൗണ്ടുകളിലേക്കാണ് വീട്ടമ്മ പണം നിക്ഷേപിച്ചത്. ലാഭവിഹിതമായി വൻതുക അവരുടെ പേജിൽ കാണിച്ചുകൊണ്ടുമിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ വിഫലമായപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പരാതി നൽകി. ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലംഗസംഘം പിടിയിലായത്. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ടുകൾ എടുത്ത് തട്ടിപ്പ്സംഘത്തിന് വിൽക്കുകയും അതിന് കൂട്ടുനിൽക്കുകയും ചെയ്തവരാണ് പിടിയിലായവർ.
ഇതിൽ ഒരാളുടെ പേരിൽ മാത്രം എട്ട് അക്കൗണ്ടുണ്ട്. ഇതിലൂടെ എത്ര രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് പൊലീസ് അന്വേഷിക്കുന്നു. വീട്ടമ്മയുമായി തട്ടിപ്പുസംഘം ആശയവിനിമയം നടത്തിക്കൊണ്ടിരുന്നത് ടെലിഗ്രാം വഴിയാണ്. അതിലൂടെയാണ് ഏത് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്ന നിർദേശം നൽകുന്നത്. പിടിയിലായവർക്ക് ഒരു അക്കൗണ്ടിന് നിശ്ചിത തുകയും അക്കൗണ്ടിൽ വരുന്ന തുകക്ക് കമീഷനുമാണ് നൽകുന്നത്. ഇൻസ്പെക്ടർ ആർ. റോജ്, എസ്.ഐമാരായ സി.ആർ. ഹരിദാസ്, എം. അജേഷ്, എ.എസ്.ഐമാരായ ആർ. ഡെൽജിത്ത്, ബോബി കുര്യാക്കോസ്, ടി.കെ. സലാഹുദ്ദീൻ, സി.പി.ഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് എടുത്ത് അത് കൈമാറ്റം ചെയ്യുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. രണ്ടുപേരെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. 20 വയസ്സുകാരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.