കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വിരാജ്പേട്ട കുടക് സ്വദേശി ആദർശ്കുമാറിനെയാണ് (24) കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ജൂണിലാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായത്. അമേരിക്കയിലെ ഷെയർ ട്രേഡിൽ നിക്ഷേപിച്ച് ഇരട്ടി പണം നൽകുമെന്നായിരുന്നു വാഗ്ദാനം. ഫേസ്ബുക്കിലെ പരസ്യം കണ്ടാണ് പള്ളിക്കുന്ന് സ്വദേശി തട്ടിപ്പുസംഘത്തിന്റെ വലയിലായത്.
കാർത്തികേയൻ ഗണേശനെന്ന പേരിലാണ് പ്രതി പ്രവാസിയുടെ പണം തട്ടിയത്. ചിക്കാഗോയിൽ സ്ഥാപനമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. തുടക്കത്തിൽ ലാഭം നൽകിയെങ്കിലും പിന്നീട് കൂടുതൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ചെങ്കിലും ലാഭമോ മുതലോ നൽകിയില്ല. ഓൺലൈൻ വഴി ലാഭവിഹിതം ഉൾപ്പെടെ കാണാറുണ്ടെങ്കിലും പണം തിരിച്ചെടുക്കാനായതിനെ തുടർന്നാണ് ചതിക്കുഴിയിൽപെട്ടതായി മനസിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കുടക് സ്വദേശി ആദർശ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് പൊലീസ് അന്വേഷണത്തിൽ മനസിലായി. വയനാട് കാട്ടിക്കുളത്തു വെച്ചാണ് പ്രതി ടൗൺ പൊലീസിന്റെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.