തൃശൂർ: കനത്ത ചൂടിൽ കേരളം വെന്തുരുകുമ്പോൾ താപനില ഔദ്യോഗികമായി അറിയുന്നത് 12 സ്ഥലങ്ങളിൽ നിന്നുമാത്രം. തീരവും ഇടനാടും മലനാടുമെല്ലാം പെരുംചൂടിൽ പൊറുതിമുട്ടുമ്പോഴാണ് 12 താപമാപിനികളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ഉപയോഗിച്ച് സംസ്ഥാന കാലാവസ്ഥ വകുപ്പ് കേരളത്തിന്‍റെ മാറിയ താപപരിണാമം വിശകലനം ചെയ്യുന്നത്.
തിരുവനന്തപുരം നഗരം, തിരുവനന്തപുരം വിമാനത്താവളം, പുനലൂർ, ആലപ്പുഴ, കോട്ടയം, കൊച്ചി നാവിക വിമാനത്താവളം, നെടുമ്പാശ്ശേരി വിമാനത്താവളം, വെള്ളാനിക്കര, പാലക്കാട്, കരിപ്പൂർ വിമാനത്താവളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ മാത്രമാണ് കാലാവസ്ഥ വകുപ്പിന് താപമാപിനിയുള്ളത്.
ഈ സ്ഥലങ്ങളിലെ താപവിവരങ്ങൾ മാത്രമാണ് ഇതുമൂലം ലഭിക്കുന്നത്. ഇടുക്കി, വയനാട് പോലുള്ള ശൈത്യ ജില്ലകളിലും ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലും താപനില അറിയാൻ മാർഗങ്ങളില്ല. സന്തുലിത കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ നേരത്തെ സ്ഥാപിച്ച മാപിനികളിൽനിന്ന് ലഭിക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥ വ്യതിയാന നാളുകളിൽ നടത്തുന്ന വിലയിരുത്തലുകൾ പാളുമെന്നാണ് ഗവേഷകരുടെ നിഗമനം.
നേരത്തെ തുടർച്ചയായ വർഷങ്ങളിൽ പ്രളയം വന്നതോടെ കേരളത്തിൽ 80 മഴമാപിനികൾ സ്ഥാപിച്ചിരുന്നു. മാർച്ചിൽ തന്നെ 41 സെന്‍റിഗ്രേഡ് സെൽഷ്യസിൽ ചൂട് എത്തിനിൽക്കുമ്പോൾ കൂടുതൽ മേഖലകളിൽ താപമാപിനികൾ സ്ഥാപിക്കണമെന്നാണ് ഗവേഷകരുടെ ആവശ്യം. സംസ്ഥാനത്ത് കുറഞ്ഞത് താലൂക്ക് തലത്തിൽ ഒന്നെങ്കിലും സഥാപിക്കേണ്ടതുണ്ട്. തദ്ദേശസ്ഥാപനങ്ങൾ വഴി ചുരുങ്ങിയ ചെലവിൽ ഇവ സ്ഥാപിക്കാനാവും.
നിലവിലെ സാഹചര്യത്തിൽ ഇടനാടുകളിലാണ് കൂടിയ താപനില രേഖപ്പെടുത്തുന്നത്. വെള്ളാനിക്കര, പുനലൂർ, പാലക്കാട് ഭാഗങ്ങളിലാണിത്. പാലക്കാട് 41 ഡിഗ്രി സെൽഷ്യസ് ചൂട് കടന്നതായി അനൗദ്യോഗിക കണക്കുണ്ട്. പടിഞ്ഞാറൻ ഇന്ത്യയിൽ അടക്കമുള്ള പ്രതി ചക്രവാത ചുഴിയുടെ പ്രതിഫലനമാണ് ചൂട് കനക്കാൻ കാരണമെന്ന് കാലാവസ്ഥ വ്യതിയാന ഗവേഷകൻ ഡോ. സി.എസ്. ഗോപകുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. വരുന്ന 17ഓടെ പ്രതീക്ഷിക്കുന്ന ചെറിയ ന്യൂനമർദ സാധ്യതയുടെ സാഹചര്യത്തിൽ കിഴക്കൻ കാറ്റിന്‍റെ ദിശ മാറുകയും കടലിൽ നിന്ന് കാറ്റ് ലഭിക്കുന്ന സാഹചര്യം കൂടി ഉണ്ടാവുന്നതോടെ അൽപശമന സാധ്യതയും വിലയിരുത്തുന്നുണ്ട്. എന്നാൽ ഏപ്രിൽ പകുതിവരെ ചൂട് പാരമ്യത്തിൽ എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.