ഇരവിപുരം: കരുതലും കാരുണ്യവുമായി ദുരനുഭവങ്ങളിൽ ഉഴലുന്നവർക്ക് കണ്ണീരൊപ്പുകയായിരുന്നു ഉമ്മൻ ചാണ്ടി. നിയമത്തിന്റെയും ചട്ടങ്ങളുടെയും അധികാര പരിധിക്ക് പുറത്ത് ഒരു ജനനേതാവെന്ന നിലയിൽ അദ്ദേഹം നടത്തിയ ഇടപെടലുകളുടെ സ്നേഹത്തണൽ ലഭിച്ചവർ നിരവധിയുണ്ട് ജില്ലയിൽ.
പേരൂർ തട്ടാർകോണം ജബീൽ മൻസിലിൽ ഷിബിൻ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിൽ ഇലക്ടിക്കൽ അവസാന വർഷ വിദ്യാർഥിയായിരിക്കെയാണ് ചേർത്തലയിൽ അപകടത്തിൽപെടുന്നത്. ഷിബിൻ സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും വലതുകൈ നഷ്ടപ്പെടുകയും ചെയ്തു. കൃത്രിമ കൈവെച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോകണമെന്ന ആഗ്രഹം ഷിബിനുണ്ടായി. പൊതുപ്രവർത്തകനായ കൊല്ലൂർവിള പള്ളിമുക്ക് സ്വദേശി ഉനൈസിനോട് ഇക്കാര്യം പറഞ്ഞതിനെതുടർന്നാണ് അദ്ദേഹത്തോടൊപ്പം ഉമ്മൻ ചാണ്ടിയെ കണ്ട് കൃത്രിമ കൈ ഘടിപ്പിക്കാൻ ആവശ്യമായ സഹായം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ചത്. ഭരണമില്ലാത്ത ഘട്ടത്തിലും ഉമ്മൻ ചാണ്ടി വിഷയത്തിൽ ഇടപെട്ടു. ആ ഇടപെടലിൽ സഫലമായത് ലക്ഷങ്ങൾ ചെലവുവരുന്ന കൃത്രിമകൈ എന്ന ആഗ്രഹമായിരുന്നു. ജീവിതം വഴിമുട്ടി നിന്നഘട്ടത്തിൽ ലഭിച്ച ഈ സഹായം ഷിബിനെ ജീവിതത്തെ ധൈര്യമായി നേരിടാൻ പ്രാപ്തനാക്കി. കലാകാരനും അഭിനേതാവുമായ ഷിബിൻ എന്ന ഇരുപത്താറുകാരൻ സ്വന്തമായി ജിംനേഷ്യവും അഭിനയവുമൊക്കെയായി ഇപ്പോൾ സജീവമായി മുന്നോട്ടുപോവുന്നു.
2013ൽ സൗദിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വർക്കല സ്വദേശിയായ യുവാവ് മരിക്കാനിടയായ സംഭവത്തിൽ പള്ളിമുക്ക് സ്വദേശികളായ മൂന്ന് യുവാക്കളെ വധശിക്ഷയിൽനിന്ന് രക്ഷിച്ച സംഭവത്തിലും ഉമ്മൻ ചാണ്ടിയുടെ ഇടപെടലുണ്ടായിരുന്നു. യുവാക്കൾ ജയിലിലായതോടെ എന്തു ചെയ്യണമെന്നറിയാതെ വലഞ്ഞ കുടുംബങ്ങൾ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയും ജീവകാരുണ്യ പ്രവർത്തകനുമായ ഉനൈസ് പള്ളിമുക്കുമായി ബന്ധപ്പെടുകയും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് സഹായ അഭ്യർഥന നടത്തുകയുമായിരുന്നു.
കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പുകൊടുത്തെങ്കിൽ മാത്രമേ ഇവർക്ക് സൗദിയിൽ ജയിൽ മോചനം സാധ്യമാകുകയുള്ളൂവെന്നതായിരുന്നു. മൂന്നു കുടുംബങ്ങളുടെയും സ്ഥിതി മനസ്സിലാക്കിയ ഉമ്മൻ ചാണ്ടി സോളാർ വിഷയം കത്തിനിൽക്കുന്നതിനിടയിലും കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി സംസാരിക്കുകയും അവർക്ക് നഷ്ടപരിഹാരം നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൊലപ്പെട്ടയാളുടെ കുടുംബക്കാരിൽനിന്ന് അഭിഭാഷകർ മുഖേന മാപ്പ് എഴുതിവാങ്ങി സൗദി കോടതിയിൽ ഹാജരാക്കിയാണ് മൂന്ന് യുവാക്കളെയും വധശിക്ഷയിൽനിന്ന് രക്ഷപ്പെടുത്തിയത്. തങ്ങൾക്ക് പുതുജീവിതം നൽകിയ ഉമ്മൻ ചാണ്ടിയെ അവസാനമായി കാണാനും അന്ത്യാഞ്ജലിയർപ്പിക്കുന്നതിനുമായി ഈ കുടുംബങ്ങൾ തലസ്ഥാനത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.