കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒ.പി ടിക്കറ്റിന് 10 രൂപ ഫീസ് ഈടാക്കാന്‍ തീരുമാനം. ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നിലവില്‍ വരും. ജില്ല കലക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം.
മെഡിക്കല്‍ കോളജ് ആശുപത്രി, ഐ.എം.സി.എച്ച്, ഡെന്റല്‍ കോളജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ.പി ടിക്കറ്റ് നിരക്ക് ബാധകമാണ്. മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവൃത്തികള്‍ക്കും മറ്റുമുള്ള ചെലവ് വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ അതിനുള്ള സാമ്പത്തിക സ്രോതസ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
കോഴിക്കോടും പരിസര ജില്ലകളിലും നിന്നുള്ള ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രി എന്ന നിലയില്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയെന്നത് വളരെ പ്രധാനമാണെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.
ഒ.പി ടിക്കറ്റിന് 10 രൂപ നല്‍കുകയെന്നത് വ്യക്തികള്‍ക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തോതിലുള്ള മുതല്‍ക്കൂട്ടാവും. ഈ തുക ഉപയോഗിച്ച് രോഗികള്‍ക്കും കൂടെയുള്ളവര്‍ക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാനാകും എന്നതിനാല്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവര്‍ക്കു തന്നെയാണ് ലഭിക്കുകയെന്നും ജില്ല കലക്ടര്‍ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.