നിലമ്പൂർ: ചളിയിൽ പുതഞ്ഞവ, കൈയും കാലും തലയുമില്ലാത്തവ, മുഖത്തിന്റെ പകുതിയില്ലാത്തവ.... നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുവരുന്ന മൃതദേഹങ്ങളുടെ അവസ്ഥയിതാണ്. ഇതിനു പുറമെ ശരീരത്തിന്റെ പല ഭാഗങ്ങളുമെത്തുന്നു.
ശാന്തമായാണ് ഡോക്ടർമാർ ഓരോ ശരീരഭാഗവും ഏറ്റുവാങ്ങുന്നത്. മോർച്ചറി മേശയിലെത്തുന്ന ചേതനയറ്റവർ ആരുടെയൊക്കെയോ പ്രിയപ്പെട്ടവരാണെന്ന് അവർക്കറിയാം. കാണാതായ ഉറ്റവരെ തേടി നിലമ്പൂർ ജില്ല ആശുപത്രിയിലെത്തുന്ന ഒരാൾക്കും പോസ്റ്റ്മോർട്ടത്തിനായി കാത്തിരിക്കേണ്ട അവസ്ഥ വന്നിട്ടില്ല. രാത്രിപോലും മടികൂടാതെ പോസ്റ്റ്മോർട്ടം നടക്കുന്നു.
ആരോഗ്യവിഭാഗം വിശ്രമമില്ലാതെ ചലിക്കുകയാണ്. തൃശൂർ മെഡിക്കൽ കോളജിലെ ഡോ. മനു, പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഫോറൻസിക് വിഭാഗം സർജൻ ഡോ. മഹിജ, മഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. ഹിദേശ് ശങ്കർ, ഡോ. ലെവീസ്, സി. പ്രജിത്ത്, തിരൂർ ജില്ല ആശുപത്രിയിലെ ഫോറൻസിക് സർജൻ ഡോ. ആസിം, നിലമ്പൂർ ജില്ല ആശുപത്രിയിലെ ഡോ. സാക്കീർ, ശ്രീകാന്ത്, ഡോ. ധന്യ, ഡോ. കെ.കെ. പ്രവീണ, ഡോ. ലക്ഷ്മി, ഡോ. രാജ് മോഹൻ, ഡോ. ഫാസിൽ എന്നീ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കുന്നത്.
ശനിയാഴ്ച രാവിലെ 11.30 വരെ 191 പോസ്റ്റ്മോർട്ടമാണ് പൂർത്തീകരിച്ചത്. 72 മൃതശരീരങ്ങളും 119 ശരീരഭാഗങ്ങളും പോസ്റ്റ്മോർട്ടം നടത്തി. പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാവുന്നതോടെ മൃതദേഹം മോർച്ചറിയിലേക്ക് കടത്തുകയാണ് ചെയ്യുന്നത്. സമയക്രമീകരണങ്ങളൊന്നുമില്ല. നിലമ്പൂർ ജില്ല ആശുപത്രി മോർച്ചറിയുടെ വാതിൽ തുറന്നുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.