ബാലുശ്ശേരി: ലിംഗ ഭേദമില്ലാത്ത യൂനിഫോമിലേക്ക് മാറുന്നത് ആൺകുട്ടികൾ, പെൺകുട്ടികൾ എന്ന വിവേചനത്തിനപ്പുറം മനുഷ്യരെന്ന രീതിയിൽ എല്ലാവരും ഒരുമിച്ച് ഒരേദിശയിൽ പോകുന്നതിനുള്ള സൂചന കൂടിയാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ.ആർ. ബിന്ദു. സംസ്ഥാനത്ത് ആദ്യമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂനിഫോം പ്രഖ്യാപനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അവർ.
സമൂഹത്തിൽ ലിംഗനീതി, സമത്വം എന്നീ ആശയങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ ഏകീകൃത യൂനിഫോം നടപ്പാക്കുന്നത്. എപ്പോഴും മാറ്റങ്ങളുണ്ടാകുമ്പോൾ അതിയാഥാസ്ഥിതികരായുള്ള, അറുപഴഞ്ചൻ മനഃസ്ഥിതിയുള്ള ആളുകൾ അതിനെ എതിർത്തു പോന്നിട്ടുണ്ട്. അതിനെ നമ്മൾ ഭയപ്പെടേണ്ടതില്ല. മാറ്റങ്ങളിലൂടെ തന്നെയാണ് വസ്ത്ര സംസ്കാരം എപ്പോഴും മുമ്പോട്ടുപോയിട്ടുള്ളത്.
പല സ്വകാര്യ വിദ്യാലയങ്ങളിലും വസ്ത്ര ഏകീകരണമുണ്ട്. അവിടേക്ക് ആരും പ്രതിഷേധവുമായി പോകുന്നില്ല. നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത വസ്ത്രങ്ങൾ അടിച്ചേൽപിക്കുന്ന വിദ്യാലയങ്ങളുണ്ട്. അത്തരം അടിച്ചേൽപിക്കലിനെതിരെ പ്രതിഷേധിക്കാത്ത ആളുകളാണ് തികച്ചും നിരുപദ്രവകരമായ ജെൻഡർ ന്യൂട്രൽ യൂനിഫോം ആശയത്തിനെതിരെ രംഗത്തുവന്നിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.