തിരുവനന്തപുരം: തോമസ് ഐസക് അവതരിപ്പിച്ച ഇടതുസർക്കാറിന്‍റെ അവസാന ബജറ്റ് ബഡായി ബജറ്റാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വാഗ്ദാനങ്ങളാണ് ബജറ്റിൽ ഇടംപിടിച്ചത്. യാഥാർഥ്യ ബോധമില്ലാത്ത ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സാമ്പത്തിക മേഖലക്ക് ഗുണകരമാവുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടംപിടിച്ചിട്ടില്ല. മുമ്പ് പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കിയിട്ടില്ല. മത്സ്യതൊഴിലാളികളേയും റബർ കർഷകരേയും വഞ്ചിക്കുന്നതാണ് ബജറ്റ്. ധനകമ്മി വർധിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം തോമസ് ഐസക് സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നും പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലെ ബജറ്റുകളിൽ പ്രഖ്യാപിച്ച കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകൾ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു.
നൂറു ദിന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. കിഫ്ബിയിൽ 60,000 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കുമെന്നാണ് അറിയിച്ചത്. എന്നാൽ, 6,000 കോടിയുടെ പദ്ധതി പോലും തുടങ്ങിയിട്ടില്ല. മൂന്ന് മണിക്കൂർ അവതരിപ്പിച്ചു എന്നത് മാത്രമാണ് ബജറ്റിന്‍റെ നേട്ടമെന്നും ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.