തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.പി.എമ്മും സർക്കാറും പ്രതിരോധത്തിൽ. എസ്.എഫ്.ഐയുടെ ആൾക്കൂട്ട അക്രമത്തിനിരയായി സിദ്ധാർഥൻ മരണത്തിന് കീഴടങ്ങേണ്ടിവന്ന സംഭവത്തിൽ പൊലീസ് കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമാണ്. വിഷയം ഏറ്റെടുത്ത് പ്രതിപക്ഷവും ഗവർണറും രംഗത്തുവരികയും ചെയ്തതോടെ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സർക്കാറിനും പാർട്ടിക്കും അപ്രതീക്ഷിത തലവേദനയായി.
വിഷയത്തിൽ ശനിയാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തുകയാണ് കോൺഗ്രസ്. അക്രമികളെ തള്ളിപ്പറഞ്ഞ് തടിയൂരാൻ ശ്രമിക്കുന്ന സർക്കാർ, മന്ത്രി ജി.ആർ. അനിൽ, ശിവൻകുട്ടി എന്നിവരെ സിദ്ധാർഥന്റെ വീട്ടിലേക്കയച്ച് കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ഉറപ്പുനൽകി.
അതേസമയം, എസ്.എഫ്.ഐ അക്രമത്തിനെതിരായ ജനരോഷം സർക്കാറിനെതിരെ തിരിച്ചുവിടാൻ പരമാവധി ശ്രമിക്കുകയാണ് പ്രതിപക്ഷം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വെള്ളിയാഴ്ച സിദ്ധാർഥന്റെ വീട് സന്ദർശിച്ചു. കോളജ് ഹോസ്റ്റലുകൾ പാർട്ടി ഗ്രാമങ്ങളെ പോലെയായി മാറിയെന്നും എസ്.എഫ്.ഐ അക്രമത്തിന് കുടപിടിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സിദ്ധാർഥന്റെ വീട്ടിലെത്തി മാതാപിതാക്കളോട് സംസാരിച്ചു. എസ്.എഫ്.ഐ പ്രതിഷേധക്കാരെ നേരത്തേ ഗുണ്ടകളെന്ന് ആക്ഷേപിച്ച ഗവർണർ സിദ്ധാർഥന്റെ മരണം തന്റെ നിലപാടിനുള്ള തെളിവായി ഉയർത്തിക്കാട്ടുകയാണ്. അക്രമികളായ എസ്.എഫ്.ഐക്കാർക്ക് സംരക്ഷണം നൽകുന്നത് മുഖ്യമന്ത്രിയാണെന്നും ഗവർണർ ആരോപിച്ചു.
സംഭവത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റ് അനുശ്രീ, സിദ്ധാർഥന്റെ വീട്ടിലെത്തിയപ്പോൾ വീട്ടുകാരിൽ നിന്ന് കടുത്ത ചോദ്യങ്ങളുണ്ടായി. മരണത്തിന് ഉത്തരവാദി എസ്.എഫ്.ഐയാണെന്ന് ആവർത്തിച്ച് പറയുന്ന സിദ്ധാർഥന്റെ പിതാവ് മുഴുവൻ പ്രതികളെയും ഉടൻ പിടികൂടിയിലെങ്കിൽ സത്യഗ്രഹ സമരത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ഘട്ടത്തിൽ അങ്ങനെ സംഭവിച്ചാൽ അത് പ്രതിപക്ഷത്തിന് വലിയ ആയുധമായി മാറും.
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ രണ്ട് സി.പി.എം നേതാക്കളെകൂടി ശിക്ഷിച്ച ഹൈകോടതി വിധി ഉയർത്തി പ്രതിപക്ഷം അക്രമ രാഷ്ട്രീയം തെരഞ്ഞെടുപ്പ് ചർച്ചയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സിദ്ധാർഥന്റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.