കൽപറ്റ: വയനാട്ടിലെ ചന്ദന കൃഷിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരിയുടെ നിർദേശം. 15 ലക്ഷം രൂപ മുടക്കിയാൽ 15 വർഷം കൊണ്ട് കോടികൾ സമ്പാദിക്കാമെന്ന് വാഗ്ദാനവുമായി നിക്ഷേപകരെ ആകർഷിച്ച് എറണാകുളം ആസ്ഥാനമായ കമ്പനി ചന്ദനകൃഷി നടത്തുന്ന സംഭവത്തിലാണ് റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. സ്പെഷൽ ബ്രാഞ്ചും അന്വേഷണം തുടങ്ങി. ‘മാധ്യമം’ വാർത്തക്ക് പിന്നാലെയാണ് നടപടി.
വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ തുച്ഛമായ വിലക്ക് ഹെക്ടർ കണക്കിന് തോട്ടങ്ങൾ വാങ്ങിക്കൂട്ടി അഞ്ചു സെന്റ് പ്ലോട്ടുകളാക്കി ചന്ദനകൃഷിയും പരിപാലനവും വാഗ്ദാനം ചെയ്ത് 10 ഇരട്ടിയോളം അധികവില ഈടാക്കി നിക്ഷേപകർക്ക് കൈമാറുകയാണ് ചെയ്യുന്നത്. 15 വർഷം കൊണ്ട് ചന്ദനമരങ്ങൾ മുറിച്ചുവിറ്റ് കോടികൾ ലാഭമുണ്ടാക്കാമെന്നാണ് കമ്പനിയുടെ വാഗ്ദാനം.
എന്നാൽ, മറയൂരിൽ ഉൾപ്പെടെ ചന്ദനമരം പാകമാകാൻ 30 മുതൽ 40 വർഷം വരെ ആവശ്യമാണെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അജിത് കെ. രാമൻ ‘മാധ്യമ’ത്തോട് പറഞ്ഞു. വനം വകുപ്പ് പരിശോധന നടത്തി പാകമായ മരങ്ങളാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് മുറിക്കുക.
മുറിച്ചവ മറയൂരിലേക്ക് കൊണ്ടുപോയി ഉണക്കിയ ശേഷം ലേലത്തിൽ വെക്കും. ലേലത്തിൽനിന്ന് ലഭിക്കുന്ന വരുമാനത്തിൽ 10 ശതമാനം കഴിച്ചാണ് ഭൂവുടമക്ക് കൈമാറുകയെന്നും അദ്ദേഹം പറഞ്ഞു. സെന്റിന് 30000 രൂപക്ക് വാങ്ങുന്ന തോട്ടം മൂന്നുലക്ഷം രൂപക്കാണ് ചന്ദനകൃഷിയുടെ മറവിൽ മറിച്ചുവിൽക്കുന്നതെന്ന് സി.പി.ഐ നേതാവ് ബിജു പറഞ്ഞു.
കോടികളുടെ മറ്റൊരു തട്ടിപ്പിലേക്കാണ് ചന്ദനകൃഷി കളമൊരുക്കുന്നതെന്നാണ് ആരോപണമുയരുന്നത്. വിദേശ മലയാളികളടക്കം നിരവധിപേർ ചന്ദനം കൃഷി ചെയ്യാനുള്ള തോട്ടം 10 ഇരട്ടിയോളം അധിക തുക നൽകി കൈവശമാക്കിയിട്ടുണ്ട്.
ഒരു പ്ലോട്ടിൽ 20 ചന്ദനത്തൈകൾ കമ്പനി നട്ട് പരിപാലിച്ച് 15 വർഷം കൊണ്ട് മുറിക്കാൻ പാകമാക്കുമെന്നാണ് വാഗ്ദാനം. ചന്ദനം വിൽക്കാനോ സ്വന്തമായി മുറിക്കാനോ മറ്റൊരിടത്തേക്ക് കൊണ്ടുപോകാനോ കർഷകന് അവകാശമില്ല. ചന്ദനമരം മുറിക്കുന്നതിന് വനം വകുപ്പിന് അപേക്ഷ നൽകണമെന്നാണ് വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.