കണ്ണൂർ: കാൽനൂറ്റാണ്ടിലേറെ സി.പി.എം സംസ്ഥാന സമിതിയിൽ തുടർന്നിട്ടും സെക്രട്ടേറിയറ്റിൽ ഇടം നേടാതെ പാർട്ടി അണികളുടെ ജനകീയ നേതാവ് പി. ജയരാജൻ. നേതൃനിരയിൽ പ്രായപരിധി നിബന്ധന കർശനമായതോടെ അടുത്ത സമ്മേളനത്തോടെ പി.ജെ കളമൊഴിയേണ്ടിവരും. സംഘടനാതലത്തിൽ തന്നെക്കാൾ ഇളംമുറക്കാർ സെക്രട്ടേറിയറ്റിൽ സ്ഥാനം പിടിച്ചപ്പോഴും കണ്ണൂരിന്റെ ‘ചെന്താരകം’ പാർട്ടി നേതൃത്വത്തിന് അനഭിമതനായതോടെയാണ് വീണ്ടും പരിഗണനാപട്ടികക്ക് പുറത്തായത്. 2027 നവംബർ 27ന് പി. ജയരാജന് 75 വയസ്സ് പൂർത്തിയാവുന്നതോടെ 2028 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയെന്ന മാനദണ്ഡം വിനയാകും. ഇതോടെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇനിയൊരു അവസരമുണ്ടാവില്ല.
പി. ജയരാജനു ശേഷം സംസ്ഥാന സമിതിയിലെത്തിയ നിലവിലെ കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ അടക്കമുള്ള ജൂനിയർ നേതാക്കളെ സെക്രട്ടേറിയറ്റിലേക്ക് പരിഗണിച്ചപ്പോഴും അണികളുടെ പി.ജെക്ക് വിനയായത് പാർട്ടിയിലെ ജനകീയതയാണ്. കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ശേഷം താരതമ്യേന അപ്രധാനമായ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനം നൽകി ഒതുക്കിയപ്പോൾപോലും സ്വീകരിച്ച പി. ജയരാജൻ പാർട്ടി അച്ചടക്കത്തിൽനിന്നും അണുവിട വ്യതിചലിക്കുകയോ അതൃപ്തി പരസ്യമാക്കുകയോ ചെയ്തില്ല.
മുൻ ജില്ല കമ്മിറ്റിയംഗം മനു തോമസ് പാർട്ടിയിൽനിന്ന് പുറത്തുപോകാനിടയാക്കിയ പരാതി മറയാക്കിയാണ് ജയരാജനെ ഇപ്പോൾ വെട്ടിയതെന്നാണ് സൂചന. പരാതി സംബന്ധിച്ച് ജില്ല സമ്മേളനത്തിൽ ചോദ്യമുയർന്നപ്പോൾ അതു സംസ്ഥാന സമിതിയുടെ പരിഗണനയിലാണെന്ന മറുപടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഇത് പി.ജെയെ വെട്ടാനുള്ള ആയുധമാക്കി മാറ്റിയതായാണ് വിലയിരുത്തൽ. ജയരാജനെപോലെ പലരും പുറത്തുണ്ടെന്നും എല്ലാവരെയും എടുക്കാനാവാത്ത സാഹചര്യമാണെന്നും പലകാര്യങ്ങൾ പരിഗണിച്ചും വിശകലനം ചെയ്തുമാണ് നേതാക്കളെ സെക്രട്ടേറിയറ്റിലേക്ക് എടുത്തതെന്നുമാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇതു സംബന്ധിച്ച് മറുപടി നല്കിയത്. പാർട്ടിക്ക് അപ്പുറത്തേക്ക് വളരുന്നെന്ന നേതൃത്വത്തിന്റെ ഭീതിയാണ് പി. ജയരാജനെ നേരത്തേ കണ്ണൂർ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്നും വെട്ടിയത്. ജില്ല സെക്രട്ടറിയായിരിക്കെ 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വടകരയിൽനിന്ന് മത്സരിച്ച് പരാജയപ്പെട്ടപ്പോൾ സെക്രട്ടറി സ്ഥാനം തിരിച്ചുനൽകിയിരുന്നില്ല. അപ്പോഴും കോട്ടയം ജില്ല സെക്രട്ടറി വി.എൻ. വാസവന് ലോക്സഭയിലേക്ക് മത്സരിക്കാൻ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നില്ല.
ആർ.എസ്.എസ് അക്രമത്തെ അതിജീവിച്ച ജയരാജൻ പാർട്ടി നേതാക്കൾക്കും അണികൾക്കുമിടയിൽ ജനകീയനാണ്. 1998 മുതൽ സി.പി.എം സംസ്ഥാന സമിതിയിൽ അംഗമായ അദ്ദേഹം തുടർച്ചയായ സമ്മേളനങ്ങളിൽ സെക്രട്ടേറിയറ്റിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നേതൃത്വത്തിന് അപ്രിയനായതിനാൽ തുടരെ തഴയപ്പെടുകയായിരുന്നു. കണ്ണൂര് ജില്ല സെക്രട്ടറിയായിരിക്കെ അണികൾ പുകഴ്ത്തി പുറത്തിറങ്ങിയ ‘കണ്ണൂരിൻ താരകമല്ലോ, ചെഞ്ചോരപ്പൊന് കതിരല്ലോ’ വാഴ്ത്തുപാട്ടോടെയാണ് അദ്ദേഹം നേതൃത്വത്തിന് അനഭിമതനായത്. നേതാവിനെ ആരാധിച്ചുകൊണ്ടുള്ള സമൂഹമാധ്യമങ്ങളിലെ ഫാൻസ് പേജുകളും പൊതുസമ്മേളനങ്ങളിലെ കൈയടികളും വ്യക്തിപൂജയായി നേതൃത്വം കണക്കാക്കിയതോടെ ജയരാജൻ കണ്ണിലെ കരടായി മാറി. വിവാദവും ചർച്ചയുമായി തുടർച്ചയായെത്തിയ പ്രസ്താവനകളും വെളിപ്പെടുത്തലുകളും അദ്ദേഹത്തെ അപ്രിയനാക്കി. ജനകീയ നേതാവിനെ തുടർച്ചയായി തഴയുന്നതിൽ അണികളിലും നേതാക്കളിലും കനത്ത അമർഷമുണ്ട്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.