മലപ്പുറം: ഹയര്‍സെക്കൻഡറി മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പുതിയ ബാച്ചുകളും കോഴ്സുകളും അനുവദിക്കുക മാത്രമാണ് പരിഹാരമെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത പഠനത്തിന് അര്‍ഹത നേടിയ ഓരോ വിദ്യാർഥിക്കും തുടര്‍ പഠനത്തിന് സൗകര്യം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഈവിഷയത്തില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. യാതൊരു അനുകൂല സമീപനവും അവരുടെ ഭാഗത്ത് നിന്നില്ല. സ്വാശ്രയം, ഐ.ടി.ഐ തുടങ്ങി എല്ലാ മേഖലയിലും എയ്ഡഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാലും ജില്ലയില്‍ മുപ്പതിനായിരത്തോളം കുട്ടികള്‍ക്ക് അവസരം ലഭിക്കില്ല. യു.ഡി.എഫ് അധികാരത്തിലുള്ള സമയത്ത് ഇത്തരത്തില്‍ പ്രതിസന്ധിയില്ലാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. ഇത്തരം ഘട്ടങ്ങളിലെല്ലാം പുതിയ ഹയര്‍സെക്കൻഡറി സ്‌കൂളുകളും പുതിയ ബാച്ചുകളും അനുവദിച്ചു.
ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ കുത്തിനിറച്ച് ക്ലാസിലിരുത്തുന്നത് കേരളത്തിലാണ്. ഇതിന്റെ ഗൗരവം ബോധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ മന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയെ ഉടന്‍ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താനൂര്‍ ബോട്ടപകടം മനുഷ്യ നിര്‍മിത ദുരന്തം എന്ന് പറയാതിരിക്കാവില്ല. ദുരന്ത മുഖത്ത് സൗഹൃദം കാണിച്ചു എന്നുള്ളത് കൊണ്ട് സര്‍ക്കാര്‍ ശരിയാണ് എന്ന് പറയുന്നതില്‍ അർഥമില്ല. മത്സ്യബന്ധന ബോട്ടാണ് ഇവിടെ യാത്രക്ക് ഉപയോഗിച്ചത്. അതിനു അനുമതി നല്‍കിയതിനു പിന്നില്‍ വലിയ ലോബിയുണ്ട്. ഈ വിഷയത്തില്‍ ലീഗിന്റെ പ്രതികരണത്തെ കുറിച്ച് ദുര്‍വ്യാഖ്യാനം വേണ്ട. ലീഗില്‍ വിഭാഗീയത ഇല്ല. പാര്‍ട്ടി ശക്തമായ നേതൃത്വത്തിന് കീഴില്‍ ഒന്നായി മുന്നോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.