കൃഷിക്കൊപ്പം എന്നാൽ ജീവിതത്തിനൊപ്പം നിൽക്കുക എന്നതാണെന്ന് പി. പ്രസാദ്

കൊച്ചി: കൃഷിക്കൊപ്പം നിൽക്കുക എന്നാൽ ജീവിതത്തിനൊപ്പം നിൽക്കുക എന്നതാണന്ന് മന്ത്രി പി.പ്രസാദ്. കളമശേരി നിയോജക മണ്ഡലം എം.എൽ.എയും മന്ത്രിയുമായ പി. രാജീവ് നടപ്പിലാക്കുന്ന സമഗ്ര കാർഷിക വികസന പദ്ധതിയായ കൃഷിക്ക് ഒപ്പം പദ്ധതിയുടെ നടീൽ ഉത്സവം കിഴക്കേ കടുങ്ങല്ലൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൃഷിയാണ് ലോകത്തിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്നും കൃഷിയാണ് ഭക്ഷണത്തിന്റെ അടിസ്ഥാനം. ഒരു നാട് കൃഷിയുടെ പ്രാധാന്യം ഉൾക്കൊണ്ട് കാർഷിക രംഗത്തേക്കിറങ്ങുന്ന കാഴ്ചയാണ് കളമശേരിക്ക് ഒപ്പം പദ്ധതിയിലൂടെ പ്രകടമാകുന്നത്. ജീവിതത്തിൽ മറ്റുള്ളവയ്ക്ക് നൽകുന്ന പ്രാധാന്യം കൃഷിക്ക് നൽകുന്നുണ്ടോ എന്ന് ഓരോരുത്തരും ചിന്തിക്കണം.

കേരളത്തിൽ ഒരു വർഷം 30 ലക്ഷം ടൺ അരി ആവശ്യമാണ്. എന്നാൽ ആവശ്യമായതിന്റെ 21 ശതമാനം അരി മാത്രമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന അരിയിലും നമ്മൾ കഴിക്കുന്ന പച്ചക്കറികളിലും സുഗന്ധവ്യഞ്ജനങ്ങളിലും മാരകമായ കീടനാശിനികൾ അടങ്ങിയിരിക്കുന്നതായി പഠനങ്ങളിൽ നിന്നും വ്യക്തമാണ്. ഇതിന് പരിഹാരം കാണുന്നതിനായി നമുക്ക് ആവശ്യമായ പച്ചക്കറികൾ ഉല്പാദിപ്പിക്കാൻ സാധിക്കണം.

റീജിയണൽ ക്യാൻസർ സെന്ററിന്റെ പഠനങ്ങളിൽ നിന്നും വ്യക്തമാകുന്നത് 20 ശതമാനം മലയാളികൾക്ക് പുകയില മൂലം കാൻസർ ഉണ്ടാകുമ്പോൾ 40 ശതമാനം കാൻസറും ഭക്ഷണത്തിൽ നിന്നും ജീവിത ശൈലിയിലൂടെയുമാണ്. കുഞ്ഞുങ്ങൾക്കെങ്കിലും ഇത്തരം അവസ്ഥ വരരുത്. പണം കൊടുത്ത് ഭക്ഷണസാധനം മാത്രമല്ല മാരക രോഗങ്ങൾകൂടി വാങ്ങുകയാണ്.

കൃഷിക്കാരെ സഹായിക്കുന്നതിന് വാല്യൂ ആഡഡ് അഗ്രികൾച്ചർ മിഷനിലൂടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഉൽപ്പന്നങ്ങളും അവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ വിൽക്കുന്നതിനായി കാംകോ എന്ന സ്ഥാപനം ഒരു മാസത്തിനകം രൂപം കൊള്ളും. 25000 കൃഷിക്കൂട്ടങ്ങൾ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. കൃഷിക്കൊപ്പം കളമശേരി പോലുള്ള പദ്ധതികളിലൂടെ ആരോഗ്യ കേരളം സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിപാടിയിൽ മന്ത്രി പി.രാജീവ് അധ്യക്ഷത വഹിച്ചു. കൃഷിക്കൊപ്പം കളമശേരിയുടെ ഭാഗമായി 155 സ്വയം സഹായ സംഘങ്ങൾ രൂപീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. മാഞ്ഞാലി സഹകരണ ബാങ്കിന് കീഴിൽ വിപണിയിലിറക്കുന്ന കൂവപ്പൊടിയുടെ ഉദ്ഘാടനവും കൃഷി മന്ത്രി നിർവഹിച്ചു. കിഴക്കെ കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിനു കീഴിൽ രൂപീകരിച്ച തിരുവോണം എസ്.എച്ച്.ജി ഗ്രൂപ്പിലെ കർഷകനായ ജിബി ജോർജിന്റെ 13 ഏക്കർ കൃഷിയിടത്തിലായിരുന്നു നടീൽ ഉത്സവം. തിരുവനന്തപുരം ഓർഗാനിക് തിയേറ്റർ അവതരിപ്പിച്ച കാർഷിക കലാരൂപമായ 'കടമ്പൻ മൂത്താൻ ' വേദിയിൽ അവതരിപ്പിച്ചു. 

Tags:    
News Summary - P. Prasad is to stay with agriculture but with life.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.