തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ക്ക് തങ്ങളുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും തുറന്നു പറയുന്നതിനും പരിഹാരം കാണുന്നതിനുമുള്ള അവസരം വനിതാ കമീഷന്‍ ഒരുക്കിയതായി വനിതാ കമീഷന്‍ അധ്യക്ഷ പി. സതീദേവി. തീരദേശ ക്യാമ്പിന്റെ ഭാഗമായി ബേക്കല്‍ ജിഎഫ്എച്ച്എസ്എസില്‍ ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005 എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ.
തങ്ങളുടെ ബുദ്ധിമുട്ടുകള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ മടികാണിക്കാറുണ്ട്. വിവിധ തൊഴില്‍ മേഖലകളിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അവരില്‍ നിന്നു തന്നെ കേള്‍ക്കുന്നതിനും പരിഹാര നിര്‍ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാരിനു സമര്‍പ്പിക്കുന്നതിനുമായി തീരദേശ ക്യാമ്പ്, പട്ടികവര്‍ഗ മേഖല കാമ്പ്, പബ്ലിക് ഹിയറിങ്, സംസ്ഥാന സെമിനാര്‍ തുടങ്ങി വിവിധ പരിപാടികളാണ് ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങി ചെന്ന് വനിതാ കമീഷന്‍ സംഘടിപ്പിച്ചു വരുന്നത്. ഈ പരിപാടികളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്ക് തുറന്നു പറയുന്നതിനുള്ള അവസരമാണ് വനിതാ കമ്മിഷന്‍ ഒരുക്കിയിട്ടുള്ളത്.
സ്ത്രീ വിരുദ്ധമായ ആശയങ്ങള്‍ ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. സമൂഹത്തിലെ സ്ത്രീ വിരുദ്ധമായ കാഴ്ചപ്പാടും നിലപാടുകളും ഉന്മൂലനം ചെയ്യുന്നതിന് തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്. വീടിന്റെ അകത്തളങ്ങളില്‍ നിന്നു തന്നെ ഇതിനു തുടക്കം കുറിക്കേണ്ടതുണ്ട്. സമൂഹത്തിന്റെ പൊതുബോധ നിര്‍മിതിയില്‍ സ്ത്രീപക്ഷ കാഴ്ചപ്പാട് ഉയര്‍ത്തി കൊണ്ടുവരാനാണ് വനിതാ കമ്മിഷന്റെ പരിശ്രമമെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു.
ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, അഡ്വ. പി. കുഞ്ഞായിഷ, വി.ആര്‍. മഹിളാമണി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. എം. ആശാലത ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.