കൊച്ചി: റണ്ണിംഗ് കോണ്‍ട്രാക്ട് സംവിധാനത്തിലൂടെ റോഡുകളുടെ പരിപാലനം ഉറപ്പാക്കാന്‍ ജനപ്രതിനിധികളും പൊതുജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തിലെ പുനര്‍ നിർമാണം പൂര്‍ത്തിയാക്കിയ റയോണ്‍പുരം പാലത്തിന്റെയും പെരുമ്പാവൂര്‍-കൂവപ്പടി റോഡ്, പാണിയേലി- മൂവാറ്റുപുഴ റോഡ് തുടങ്ങിയ പദ്ധതികളുടെ നിർമാണ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം വഴി റോഡുകളുടെ പരിപാലന കാലാവധി, കോണ്‍ട്രാക്ടര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് കോണ്‍ടാക്ട് നമ്പര്‍ എന്നിവ അടങ്ങിയ ബോര്‍ഡുകള്‍ റോഡുകളില്‍ സ്ഥാപിക്കുന്നുണ്ട്. പരിപാലന കാലാവധി കഴിയാത്ത റോഡുകളില്‍ പച്ചനിറത്തിലും പരിപാലന കാലാവധി അവസാനിച്ച റോഡുകളില്‍ നിറത്തിലുമാണ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്. ഈ സംവിധാനം വഴി ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും നേരിട്ട് ഇടപെട്ട് റോഡുകളെ കുറിച്ചുള്ള പരാതികള്‍ അറിയിക്കാനും, റോഡുകളുടെ പരിപാലനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അഞ്ചുവര്‍ഷം കൊണ്ട് 100 പാലങ്ങള്‍ എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തത്. രണ്ടുവര്‍ഷം നാലുമാസം പൂര്‍ത്തിയാകുമ്പോള്‍ തന്നെ 80 പാലങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കും. പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പരിപാലനവും കൃത്യമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ എല്ലാ മാസവും അവലോകനം നടക്കുന്നുണ്ട്. പൊതുമരാമത്ത് വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഡിസൈന്‍ പോളിസി വഴി പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പൈലറ്റ് പ്രോജക്റ്റിന് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.
പശ്ചാത്തല വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ 50 ശതമാനത്തോളം പൊതുമരാമത്ത് റോഡുകള്‍ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചു. കൂവപ്പടി- പെരുമ്പാവൂര്‍ റോഡ് ബി.എം & ബി.സി ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തി നിര്‍മ്മിക്കുന്നതിന്റെയും, പാണിയേലി- പെരുമ്പാവൂര്‍ റോഡിന്റെ ഉപരിതലം പുതുക്കുന്നതിന്റെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇന്നിവിടെ തുടക്കം കുറിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചേരാനല്ലൂര്‍ ഗവ. സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു, ബെന്നി ബഹനാന്‍ എം.പി മുഖ്യാതിഥിയായി, മുന്‍ എം.എല്‍.എ സാജു പോള്‍, ട്രാവന്‍കൂര്‍ സിമന്റസ് ചെയര്‍മാന്‍ ബാബു ജോസഫ് വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.