തിരുവനന്തപുരം: നെൽവയൽ-തണ്ണീർത്തട സംരക്ഷണ ഭേദഗതി ബില്ലിെൻറ പരിധിയിൽനിന്ന് കോർപറേഷനുകളെ ഒഴിവാക്കാനുള്ള സി.പി.എം നീക്കം സി.പി.െഎയുടെ വിയോജിപ്പിൽ പിൻവലിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോർപറേഷനുകളെ 2008ലെ നിയമപരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു നിർദേശം. 2018 ഏപ്രിൽ ഏഴിലെ ഒാർഡിനൻസിന് പകരമുള്ള നിയമം നിയമസഭ പരിഗണിക്കവെയാണ് പിൻവാതിൽ അട്ടിമറി നീക്കം നടന്നത്.
തിങ്കളാഴ്ച ചേർന്ന ലാൻഡ് റവന്യൂ-ദേവസ്വം വകുപ്പുകൾ സംബന്ധിച്ച സബ്ജക്ട് കമ്മിറ്റിയിൽ നിയമവകുപ്പാണ് വകുപ്പുതല നിർദേശമായി ഭേദഗതി കൊണ്ടുവന്നത്. ഒാർഡിനൻസിൽ ഉൾപ്പെടാത്ത നിർദേശത്തെ സമിതി അധ്യക്ഷൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എതിർത്തു. ഒാർഡിനൻസിൽ ഉള്ളതേ അംഗീകരിക്കാൻ കഴിയൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചൊവ്വാഴ്ചയിലെ സി.പി.െഎ പാർലമെൻററി യോഗവും വിഷയം ചർച്ച ചെയ്തു. മൂല നിയമത്തെ അസാധുവാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഭേദഗതിയെന്നും യോഗം വിലയിരുത്തി. നിർദിഷ്ട ഇളവിെൻറ ചുവടുപിടിച്ച് ആർക്കും കോടതിയെ സമീപിക്കാം. അതിലൂടെ മുഴുവൻ കോർപറേഷനുകളും മുനിസിപ്പാലിറ്റികളും നിയമപരിധിയിൽനിന്ന് പുറത്താവും. ഒടുവിൽ നിയമം തന്നെ അസാധുവാകും. റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും ബിൽഡർമാരുടെയും സമ്മർദവും നീക്കത്തിന് പിന്നിലുണ്ടെന്ന് സി.പി.െഎ സംശയിച്ചു.
ഇതിനിടെ സി.പി.എം നേതൃത്വം ഉഭയകക്ഷി ചർച്ചക്ക് ബുധനാഴ്ച രാവിലെ സി.പി.െഎയെ ക്ഷണിച്ചു. ഉച്ചക്ക് 12ന് റവന്യൂ, കൃഷി, നിയമം, ടൂറിസം മന്ത്രിമാരുടെ ഉന്നതലയോഗം മുഖ്യമന്ത്രിയും വിളിച്ചു. സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ എന്നിവർ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. നയപരമായ വിഷയത്തിൽ വിട്ടുവീഴ്ചക്ക് തയാറല്ലെന്ന് കാനം വ്യക്തമാക്കി. ഒാർഡിനൻസിലെ ഭേദഗതികൾ മാത്രമേ അംഗീകരിക്കാനാവൂ. മൂന്ന് കോർപറേഷനുകൾക്ക് നൽകുന്ന അനുമതി നിയമത്തിെൻറ അന്തസ്സത്തക്ക് വിരുദ്ധമാണ്. സി.പി.െഎക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിൽ വെള്ളം ചേർക്കാനാവില്ലെന്ന് റവന്യൂ, കൃഷി മന്ത്രിമാരും പറഞ്ഞു. കൃഷി ചെയ്യാതെ കോർപറേഷൻ പ്രദേശത്ത് കിടക്കുന്ന ഭൂമി മറ്റാവശ്യത്തിന് ഉപയോഗിക്കാനാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് സി.പി.എം നേതാക്കൾ പറഞ്ഞു. എന്നാൽ, സി.പി.െഎ വഴങ്ങിയില്ല. ഉഭയകക്ഷി ചർച്ച െപാളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ യോഗത്തിൽ വിഷയം ചർച്ചയായതുമില്ല. ജൂൺ 18നാണ് നിയമം സബ്ജക്ട് കമ്മിറ്റി പരിഗണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.